തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ ലോക്സഭയില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് സാധിക്കാതിരുന്നത് സംസ്ഥാനത്ത് 50 ശതമാനം ന്യൂനപക്ഷ സമുദായങ്ങള്‍ ഉള്ളതുകൊണ്ടെന്ന് ബിജെപി സംസ്ഥാനധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സംസ്ഥാനത്തെ സമുദായിക സംഘടനകളായ എസ്എന്‍ഡിപി, എന്‍എസ്എസ് എന്നിവരുമായി ബിജെപിക്ക് അടുത്ത ബന്ധം ഉണ്ടായില്ലെന്നതും ബിജെപിക്ക് തിരിച്ചടിയായിരുന്നെന്ന് അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. ബിജെപി സാമുദായിക സംഘടനകളുമായി അടുത്തെന്നും ന്യൂനപക്ഷങ്ങളുടെ തെറ്റിദ്ധാരണ മാറിയത് ബിജെപിക്ക് മുതല്‍ക്കൂട്ടാകുമെന്നും ശ്രീധരന്‍പിള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചു.
‘കേരളത്തിന്റെ ജനസംഖ്യാ ആനുപാതം നോക്കുകയാണെങ്കില്‍ അവിടെ 50 ശതമാനം ന്യൂനപക്ഷ സമുദായങ്ങളാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ബിജെപിയെ കുറിച്ച് തെറ്റായ ധാരണയായിരുന്നു വെച്ചു പുലര്‍ത്തിയിരുന്നത്, ഇപ്പോള്‍ അത് മാറിവരികയാണ്. ഒപ്പം, പ്രമുഖ ഹിന്ദു സംഘടനകളായ എസ്എന്‍ഡിപി, എന്‍എസ്എസ് എന്നവരുമായി ഞങ്ങള്‍ക്ക് അടുത്ത ബന്ധം അല്ല ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നതല്ല സ്ഥിതി. ഞങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കും’- ലോക്സഭയിലേക്ക് ഇന്നേവരെ ഒരു ബിജെപി എംപിയെ അയച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളിലൊന്ന് കേരളമാവാനുള്ള കാരണമെന്താണെന്ന ചോദ്യത്തിന് മറുപടിയായി ശ്രീധരന് പിള്ള പറഞ്ഞതിങ്ങനെ.
ശബരിമല വിഷയം കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും സ്വീകാര്യത കുറച്ചു എന്നും കേരളം ബിജെപിക്ക് പാകമായെന്നും ശ്രീധരന് പിള്ള പറഞ്ഞു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post