മുവാറ്റുപുഴ: കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന ഒരു വീഡിയോ ആണ് ഇന്നത്തെ ചര്‍ച്ചാ വിഷയം. മുവാറ്റുപുഴ ബ്രൈറ്റ് പബ്ലിക് സ്കൂളിലെത്തിയ രക്ഷിതാക്കളെ അസഭ്യം പറയുന്ന അധ്യാപകരുടെ വിഡിയോ ആയിരുന്നു അത്. എന്നാല്‍ അസഭ്യം പറഞ്ഞ സ്കൂള്‍ പ്രിന്‍സിപ്പാളിനും അധ്യാപികക്കുമെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അതേസമയം സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്രിന്‍സിപ്പാള്‍ ജോര്‍ജ് ഐസക്കും ഭാര്യയും പ്രധാനാധ്യാപികയുമായ ലീലാമ്മ കെഎമ്മും പറയുന്നത്.
സ്കൂള്‍ മാനേജ്മെന്റംഗം കൂടിയായ വൈസ് പ്രിന്‍സിപ്പല്‍ രവീന്ദ്രപിള്ളയാണ് സംഭവത്തിന് പിന്നില്‍ എന്ന് ഇരുവരും ആരോപിക്കുന്നു. പ്രിന്‍സിപ്പാള്‍, പ്രധാന്യാപിക സ്ഥാനങ്ങളില്‍ നിന്ന് ജോര്‍ജിനെയും ലീലാമ്മയെയും നീക്കാന്‍ ഇയാള്‍ നേരത്തേയും ശ്രമിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഒരു ഭാഗം മാത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതെന്നും ഇരുവരും പറയുന്നു.
”തുടര്‍ച്ചയായി ക്ലാസില്‍ പുസ്തകം കൊണ്ടുവരാത്തതിനാല്‍ കുട്ടിക്കെതിരെ അധ്യാപകര്‍ പരാതിപ്പെട്ടിരുന്നു. അതിനാലാണ് രക്ഷിതാക്കളെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്. സ്കൂളിലെത്തിയ രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിന്റെ മുറിയിലിരുന്ന് ഏറെ നേരം സംസാരിച്ചു. തുടക്കം മുതല്‍ പ്രകോപനപരമായ രീതിയിലാണ് അവര്‍ സംസാരിച്ചത്. എന്നോട് തട്ടിക്കയറുകയും മോശമായി സംസാരിക്കുകയും ചെയ്തു. ഞാന്‍ പഠിപ്പിച്ച കുട്ടിയാണവര്‍, അവരത്തരത്തില് സംസാരിച്ചത് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ഒടുവില്‍ സംസാരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ഞാന്‍ മുറിയില്‍ നിന്നിറങ്ങി പ്രധാന്യാപികയുടെ കാബിനിലേക്ക് പോയി”-ജോര്‍ജ് പറയുന്നു.
ഇതിന് പിന്നാലെ വൈസ് പ്രിന്‍സിപ്പാളുമായി രക്ഷിതാക്കള്‍ മുക്കാല്‍ മണിക്കൂറോളം സംസാരിച്ചിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. ഇതിന് പിന്നാലെയാണ് ഇവര്‍ മൊബൈല്‍ കാമറ ഓണാക്കി പ്രധാനാധ്യാപികയുടെ മുറിയിലെത്തിയത്. ഇവിടെയെത്തിയ ശേഷവും ഇവര്‍ പ്രകോപനം തുടര്‍ന്നു. സഹികെട്ടപ്പോഴാണ് പൊട്ടിത്തെറിച്ചത്. അവിടെ മുതലുള്ള വിഡിയോ മാത്രമാണ് സോഷ്യല്‍ മീഡിയയിലെത്തിയത്.
മൂന്ന് മാസങ്ങള്‍ക്കുമുമ്പ് സ്കൂളിലെ ലിഫ്റ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ സാമ്പത്തിക ആരോപണമുന്നയിച്ച വ്യക്തിയാണിയാള്‍. സ്കൂളില്‍ നോട്ടീസ് പതിച്ചും വ്യാജപ്രചാരണങ്ങള്‍ നടത്തിയും രണ്ടുപേരെയും മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഇരുവരും ആരോപിക്കുന്നു.
‘1200ഓളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണ്. അവരുടെ രക്ഷിതാക്കള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. അതുതന്നെയാണ് ഞങ്ങളുടെ ബലവും. അടുത്തിടെ ഫ്രണ്ട് ഓഫീസിലെ ക്ലാര്‍ക്കിനോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മാനേജ്മെന്റ് ഒരാഴ്ച ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ വിഷയത്തില്‍ ഇയാള്‍ക്ക് വൈര്യാഗമുണ്ടായിരുന്നിരിക്കാം’
Discussion about this post