കണ്ണൂര്‍ വിമാനത്താവളത്തിലെ ഡയറക്ടറെന്ന വ്യാജേനെ ജോലി വാഗ്ദാനം ചെയ്ത് 60 ലക്ഷം തട്ടി; എന്‍സിപി നേതാവ് പിടിയില്‍

60 ലക്ഷത്തോളം രൂപ പലരില്‍ നിന്നും കൈക്കലാക്കി കബളിപ്പിച്ച കോസില്‍ എന്‍സിപി നേതാവ് അറസ്റ്റില്‍.

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 60 ലക്ഷത്തോളം രൂപ പലരില്‍ നിന്നും കൈക്കലാക്കി കബളിപ്പിച്ച കോസില്‍ എന്‍സിപി നേതാവ് അറസ്റ്റില്‍. വിമാനത്താവളത്തില്‍ കൂടെ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമായി ജോലി വാഗ്ദാനം ചെയ്താണ് ആലപ്പുഴ ചമ്പക്കുളം അയ്യപ്പ സദനത്തില്‍ പിആര്‍ സലീം കുമാര്‍(58) തട്ടിപ്പ് നടത്തിയത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് സിഐ ധനഞ്ജയ ബാബുവാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പലരില്‍ നിന്നായി 60 ലക്ഷം രൂപ വാങ്ങിയതായാണു പരാതി. തട്ടിപ്പു പുറത്തായതിനെ തുടര്‍ന്നു സലീം കുമാര്‍ ഒളിവിലായിരുന്നു. എന്‍സിപിയുടെ കര്‍ഷക വിഭാഗമായ നാഷണലിസ്റ്റ് കിസാന്‍സഭയുടെ സംസ്ഥാന സെക്രട്ടറിയാണു സലീം കുമാറെന്നു പോലീസ് പറഞ്ഞു.

കിയാല്‍ ഡയറക്ടര്‍ എന്നു വിശ്വസിപ്പിച്ചാണു തട്ടിപ്പു നടത്തിയത്. ഫെഡറല്‍ ബാങ്ക് ചമ്പക്കുളം ബ്രാഞ്ചില്‍ ഇയാളുടെ പേരിലുള്ള അക്കൗണ്ടിലാണ് ഉദ്യോഗാര്‍ത്ഥികള്‍ പണം നിക്ഷേപിച്ചത്. ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഇടനിലക്കാരായി ഉണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു.

Exit mobile version