അടൂരില്‍നിന്നും കാണാതായ കോളേജ് വിദ്യാര്‍ഥികള്‍ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍

പത്തനംതിട്ട: അടൂരില്‍നിന്നും കാണാതായ വിദ്യാര്‍ഥികളെ കോയമ്പത്തൂരില്‍ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ മുന്നാളം ഇടക്കെട്ടും വിളവീട്ടില്‍ അമല്‍ പി. കുമാര്‍ (19) അടൂര്‍ അമ്മകണ്ടകര ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ സുധീഷ് ഭവനില്‍ സതീഷിന്റെ മകള്‍ സൂര്യ എസ് നായര്‍ ( 18) എന്നിവരാണു മരിച്ചത്.

കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും രണ്ടു കിലോമീറ്റര്‍ അകലെ റ്റിഎന്‍ നഗറിനു സമീപം റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ റെയില്‍വേ ട്രാക്കില്‍ കണ്ട വിവരം പ്രദേശവാസികള്‍ റെയില്‍വേ പോലീസിനെ അറിയിക്കുകയായിരുന്നു.

അടൂരില്‍ സ്വകാര്യ കോളജില്‍ ഒന്നാം വര്‍ഷ ബികോമിന് പഠിക്കുകയായിരുന്നു സൂര്യയും അമലും. മൃതദേഹത്തില്‍ നിന്ന് ഇതേ കോളജിന്റെ തിരിച്ചറിയല്‍ കാര്‍ഡും ലഭിച്ചു. റെയില്‍വേ പോലീസ് വാട്ട്‌സാപ്പിലൂടെ ചിത്രം അടൂര്‍ പോലീസിന് കൈമാറി. മൃതദേ ഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇവരെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അടൂര്‍ പോലീസ് വ്യാഴാഴ്ച കേ സെടുത്തിരുന്നു. ഇന്നലെ കോളജിലേക്ക് പോയ സൂര്യ തിരികെ വന്നില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ ആദ്യമെത്തി. പിന്നാലെ അമലിന്റെ വീട്ടുകാരുമെത്തി. കേസ് എടുക്കണ്ട എന്നാണ് ഇരുവീട്ടുകാരും പറഞ്ഞത്.

എന്നാല്‍, രണ്ടു പേര്‍ക്കും 19 വയസ് മാത്രമുള്ളതിനാല്‍ പോലീസ് മിസിങ്ങിന് കേസെടുക്കുകയായിരുന്നു. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇടയ്ക്ക് പിണങ്ങി മാറിയെങ്കിലും വീണ്ടും അടുപ്പത്തിലായിരുന്നു.

Exit mobile version