കൊച്ചി: മാര്‍ക്കറ്റിംഗ് പല വിധത്തിലുണ്ട്, പുഞ്ചിരിച്ചും ആളുകളെ മയക്കുന്ന വാക്കുകള്‍ പറഞ്ഞും സാധനങ്ങള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്ന പലരെയും നാം കണ്ടിട്ടുണ്ട്. പക്ഷേ ഈ ഇക്ക എല്ലാവരെയും കടത്തിവെട്ടിയിരിക്കുന്നു. കുറിക്കു കൊള്ളുന്ന ഡയലോഗുകളും തമാശയും കൊണ്ട് ആളുകളെ കൈയ്യിലെടുക്കുകയാണ് ഈ ഇക്ക.
റിയാദിലെ ബത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ഐഎസ്‌ഐ മാര്‍ക്കുള്ള ഇന്റര്‍നാഷണല്‍ പായസം. തോന്നുമ്പോ കിട്ടൂലാ…കാണുമ്പോ വേടിക്കാം…ആദര്‍ശ കേരളത്തിന്റെ വിപ്ലവനായകന്‍ തയ്യാറാക്കുന്ന ലുഖ്മാനിയ പായസം. ചെക്കിങ് വരുന്നെങ്കില്‍ പറയണം ഓടാനാണ്. ഒരു ചെമ്പിന് രണ്ട് റിയാല്‍ മാത്രം.’ ഇങ്ങനെ നീളുന്നു ഇദ്ദേഹത്തിന്റെ വാക്ക് ചാതുര്‍ത്ഥ്യം. വിപണി പിടിക്കുന്നത് എങ്ങനെയെന്ന് അറിയാന്‍ വേണ്ടി ലക്ഷങ്ങള്‍ മുടക്കി പഠിക്കേണ്ട കാര്യമൊന്നുമില്ല, ഒരു ദിവസം ഈ ഇക്കയുടെ കൂടെ ഒന്നു കച്ചവടത്തിന് ഇറങ്ങിയാല്‍ മതിയാകും. ജനപ്രീതിയും സമ്പാദിക്കാം, അതോടൊപ്പം മാര്‍ക്കറ്റിംഗും കൈവശപ്പെടുത്താം. അത്രമേല്‍ വാക് ചാതുര്‍ത്ഥ്യമാണ് ഇദ്ദേഹത്തിനുള്ളത്.
റിയാദിലെ തിരക്കുള്ളൊരു നഗരത്തിന്റെ ഓരത്ത് നിന്നാണ് ഈ ഇക്ക പായസ കച്ചവടം നടത്തുന്നത്. കാഴ്ചക്കാരെ കറക്കി വീഴ്ത്തുന്ന ഡയലോഗുകളും വാക്‌സാമര്‍ത്ഥ്യവും കൊണ്ടാണ് കക്ഷിയുടെ കച്ചവടം. ഇക്കയുടെ ഈ വെറൈറ്റി കച്ചവട തന്ത്രം കൗതുകം മാത്രമല്ല കാഴ്ചക്കാരില്‍ ചിരിയും നിറയ്ക്കുമെന്നത് ഉറപ്പ്. ‘കറവയുള്ള മൂന്നാനയാണ് വീട്ടില്‍ ഉള്ളത്, ഇതില്‍ നിന്നും കിട്ടിയിട്ട് തനിക്ക് ഒന്നും നേടാനില്ല. പിന്നെ പിള്ളേര്‍ പട്ടിണിയാകും എന്ന് കരുതിയിട്ടാണ് ഇതിനിറങ്ങി തിരിച്ചത്. പായസത്തീത്ത് പൊട്ടാത്ത അണ്ടിപ്പരിപ്പ് കിട്ടിയാല്‍ ഇന്നോവകാര്‍ സമ്മാനം’ പൊടിപൊടിക്കണ കച്ചവടത്തിലെ ഇക്കയുടെ ഒരു ഡയലോഗ് അങ്ങനെ പോകുന്നു.