കൊച്ചി: നമ്പി നാരായണന് പത്മഭൂഷണ്‍ നല്കി ആദരിച്ചതിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ മുന്‍ഡിജിപി ടിപി സെന്‍കുമാറിനെ വിമര്‍ശിച്ച് സംവിധായകന് മേജര്‍ രവി. സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ ഞെട്ടിപ്പിച്ചെന്നും ഇതുപ്പോലുള്ള പോലീസ് ഉദ്യോഗസ്ഥരാണ് നമ്പി നാരായണന്റെ ജീവിതം തകര്‍ത്തതെന്നും മേജര്‍ രവി മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. തന്റെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടിയാണ് സെന്‍കുമാര്‍ ഇത്തരം കാര്യങ്ങള്‍ പരസ്യമായി പറയുന്നത്. നമ്പി നാരായണനെ വിമര്‍ശിക്കാന്‍ മാത്രം സെന്‍കുമാര്‍ വളര്‍ന്നിട്ടില്ലെന്നും മേജര്‍ രവി വ്യക്തമാക്കി.
”നമ്പി നാരായണനെതിരെയുള്ള സെന്‍കുമാറിന്റെ പ്രസ്താവന പരിഹാസ്യമാണ്. അത് എന്നെ വളരെയേറെ വേദനിപ്പിച്ചു. പത്മഭൂഷണ്‍ നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണ്. അതിനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ വിമര്‍ശിക്കുക എന്നു പറയുന്നത് ശരിയായ രീതിയല്ല. മുന്‍ ഡിജിപി ഇപ്പോള്‍ സംസാരിക്കുന്നത് സമൂഹത്തിനു വേണ്ടിയല്ല. സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടിയാണ്. അദ്ദേഹത്തിന് രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. തിരഞ്ഞെടുപ്പില്‍ എവിടെയെങ്കിലും സീറ്റു കിട്ടണം. അല്ലെങ്കില്‍ ഒരു ഗവര്‍ണര്‍ സ്ഥാനം കിട്ടണം. ഇത്തരം സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ സെന്‍കുമാറിനുണ്ട്.
ഏതു പാര്‍ട്ടിക്കു വേണ്ടി സംസാരിക്കുന്നുവോ ആ പാര്‍ട്ടിയുടെ പ്രധാനമന്ത്രിയുടെ തീരുമാനത്തെപോലും അംഗീകരിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. വ്യക്തിലാഭത്തിനു വേണ്ടി സെന്‍കുമാറിനെപ്പോലുള്ള ചില പോലീസ് ഉദ്യോഗസ്ഥര്‍ നമ്പി നാരായണനെ കുടുക്കിയതാണ്. നമ്പി നാരായണന്റെ ജീവിതം അവര്‍ തകര്‍ത്തു. സെന്‍കുമാറിനെതിരെയും നമ്പി നാരായണന് കേസ് കൊടുത്തിട്ടുണ്ട്. നമ്പി നാരായണനെ വിമര്‍ശിക്കാന്‍ മാത്രം സെന്‍കുമാര്‍ വളര്‍ന്നിട്ടില്ല.”
Discussion about this post