എരുമേലി: ഏറെ നാളുകള്‍ക്ക് ശേഷം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ അഖിലിനെ കാത്തിരുന്നത് ദുരന്തവാര്‍ത്ത. തന്റെ വരവിനായി ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്ന സഹോദരന് നിഖിലിനെ മരണം കവര്‍ന്നെന്ന വാര്‍ത്തയാണ് ഈ യുവാവിനെ ഗള്‍ഫില്‍ നിന്നു നാട്ടിലേക്കുള്ള യാത്രാമധ്യേ തേടിയെത്തിയത്. വിവരമറിഞ്ഞ് കണ്ണീരില്‍ മുങ്ങുകയായിരുന്നു അഖില്‍.
ഇന്നലെ എരുമേലി- കാഞ്ഞിരപ്പള്ളി റോഡിലെ നാലാംമൈലിലാണ് മുക്കൂട്ടുതറ പാറപ്പള്ളില്‍ നിഖില്‍ സഞ്ചരിച്ച ബൈക്കില്‍ പിക് അപ് വാന്‍ ഇടിച്ചത്. മൂത്ത സഹോദരനായ അഖില്‍ ഏറെ നാളായി ഗള്‍ഫില്‍ ജോലിയിലാണ്. ഇന്നലെയാണ് അവധിക്ക് എത്തുമെന്ന് അറിയിച്ചിരുന്നത്.
കുടുംബാംഗങ്ങളെയും കൂട്ടി വിമാനത്താവളത്തിലേക്ക് ഉച്ചകഴിഞ്ഞു പോകാനിരുന്നതാണ്. കാഞ്ഞിരപ്പള്ളിയിലെ ജോലി സ്ഥാപനത്തില്‍ ഇക്കാര്യം അറിയിച്ച് ഉച്ചകഴിഞ്ഞ് നെടുമ്പാശേരിയിലേക്കു പോകാനായിരുന്നു തീരുമാനം. രാവിലെ കാഞ്ഞിരപ്പള്ളിക്കു പോകും വഴിയാണ് പിക്കപ്പ് വാനിന്റെ രൂപത്തില്‍ മരണം കവര്‍ന്നെടുത്തത്.
Discussion about this post