തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായുള്ള അടിയന്തര പ്രമേയത്തില്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. ഇരകളോട് സര്‍ക്കാരിന് നിഷേധാത്മക നിലപാടാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്.
എന്നാല്‍ ‘എന്‍ഡോസള്‍ഫാന്‍ ഇരകളോട് ഈ സര്‍ക്കാര്‍ അളവറ്റ കാരുണ്യമാണ് കാണിച്ചിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി 161 കോടി 65 ലക്ഷം രൂപ വിവിധ സന്ദര്‍ഭങ്ങളില്‍ നഷ്ട പരിഹാര തുക അനുവദിച്ചു. ദുരിത ബാധിതരുടെ കടത്തിന്‍മേലുള്ള മൊറട്ടോറിയം ആറു മാസം കൂടി നീട്ടിയിട്ടുണ്ട്. ജപ്തി നടപടികള്‍ നിര്‍ത്തി വെച്ചു’ തുടങ്ങിയ കാര്യങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ദുരിത ബാധിതരുടെ കടം എഴുതി തള്ളുന്നതിന് പല നടപടികളാണ് സ്വീകരിച്ചത്. ദയാ ഭായിയെ പോലൊരാള്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സമരം ചെയ്യുന്നതിനെ സര്‍ക്കാര്‍ ഗൗരവമായി തന്നെയാണ് കാണുന്നത് അതിനാലാണ് ദുരിതബാധിതരുമായി റവന്യൂ മന്ത്രി ഇന്ന് ചര്‍ച്ച നടത്തുന്നത്. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തുവെന്ന ഉത്തമ ബോധ്യമുണ്ടെന്നാണ് ഈ വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.