തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മ്മാണത്തിനായി പണം കണ്ടെത്താനായി ഏര്‍പ്പെടുത്തിയ ഒരു ശതമാനം സെസ് കാരണം സാധനങ്ങളുടെ വില വര്‍ധിക്കേണ്ട കാര്യമില്ലെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. പരമാവധി വില്‍പ്പന വിലയ്ക്കുള്ളില്‍ തന്നെ ഒരു ശതമാനം സെസ് ഉള്‍പ്പെടുത്താനാവും. നികുതി വര്‍ധന ഒരിക്കലും ഇടതുപക്ഷ നയമല്ല. പ്രകൃതി ദുരന്തം സംഭവിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഒരു ശതമാനം സെസ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചതാണ്. ഇത് ശാശ്വത നികുതിയല്ല. രണ്ടു വര്‍ഷത്തേക്കാണ് ജിഎസ്ടി കൗണ്‍സില്‍ അനുവാദം നല്‍കിയിരിക്കുന്നത്. പ്രളയമുണ്ടായ സാഹചര്യത്തില്‍ വിഭവ സമാഹരണത്തിന് കൂടുതല്‍ വരുമാനം ഉണ്ടാവണം. ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിയാല്‍ വലിയ വിലക്കയറ്റം ഉണ്ടാവുമെന്ന് പറയുന്നവര്‍ വിലക്കയറ്റത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.
സംസ്ഥാനത്തെ സംബന്ധിച്ച് റവന്യുകമ്മി കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15,500 കോടി രൂപ റവന്യു വരുമാനം കൂടും. ഇതില്‍ സെസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഉണ്ടാവുന്ന വര്‍ധന 1750 കോടി രൂപ മാത്രമാണ്. അതേസമയം 100 രൂപ വീതം ക്ഷേമപെന്ഷന് കൂട്ടിയതിലൂടെ ഈ തുക മുഴുവന്‍ ജനങ്ങള്‍ക്ക് തന്നെ തിരിച്ചു നല്‍കുകയാണ്.
ഈ ബജറ്റ് സെഷന് പൂര്‍ത്തിയായാലുടന്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തൃശൂരില്‍ നടക്കും. ജീവനക്കാര്‍ക്ക് പ്രചോദനം പകര്‍ന്ന് നികുതി പിരിവ് ഊര്‍ജിതമാക്കും. വിവിധ വകുപ്പുകള്‍ പദ്ധതികള്‍ ആവര്‍ത്തിക്കുന്നതിനു പകരം ഓരോ മേഖലയിലും സമഗ്രമായ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. തീരദേശ മേഖലയ്ക്കും വിപുലമായ പദ്ധതികളാണ് ബഡ്ജറ്റില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മ്മാണം മാത്രമല്ല പ്രളയപുനര്നിര്മ്മാണമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഗൗരവമാണ്. കേരളം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. എന്നാല്‍ പണമില്ലെന്ന് പറഞ്ഞിരിക്കാതെ വെല്ലുവിളി നേരിടാനൊരുങ്ങുകയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനമാണ് ചെലവ് വര്‍ധിച്ചിരിക്കുന്നത്. റവന്യു കമ്മി ഒരു ശതമാനത്തിലേക്ക് കൊണ്ടുവരികയും ധനകമ്മി മൂന്നു ശതമാനത്തില്‍ നിറുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍പ് ധനമന്ത്രിയായിരുന്ന വേളയില്‍ വാറ്റ് നികുതി ഒരിക്കല്‍ പോലും വര്ധിപ്പിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ 12 ശതമാനമായിരുന്ന വാറ്റ് നികുതി 14.5 ശതമാനമായി വര്‍ദ്ധിപ്പിച്ചു. പെട്രോളിന് മൂന്ന് ശതമാനം നികുതി വര്‍ധനയുണ്ടായി. ഇതൊക്കെ നടപ്പാക്കിയവര്‍ മറുപടി പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Discussion about this post