തിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ക്ക് ആശ്വാസവാര്‍ത്ത. തോട്ടം നികുതിയും കാര്‍ഷികാദായ നികുതിയും പൂര്‍ണമായി ഒഴിവാക്കുന്നതിനുളള തീരുമാനം പെട്ടെന്ന് നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അതിനുപുറമെ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളെ കെട്ടിട നികുതിയില്‍ നിന്ന് ഒഴിവാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇതു നടപ്പാക്കുന്നതിന് ബന്ധപ്പെട്ട ചട്ടങ്ങളില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ഭേദഗതി വരുത്തും. തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിച്ചു.
സ്വന്തം വീടില്ലാത്ത തോട്ടം തൊഴിലാളികള്‍ക്ക് ലൈഫ് പദ്ധതിയില്‍ പെടുത്തി വീട് നിര്‍മ്മിച്ച് നല്‍കും. ഈ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ ഭൂമി വിട്ടു നല്‍കാമെന്ന് പിന്നീട് ചേര്‍ന്ന യോഗത്തില്‍ തോട്ടം ഉടമകള്‍ സമ്മതിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വീട് നിര്‍മ്മാണത്തിനുള്ള ചെലവിന്റെ 50 ശതമാനം സര്‍ക്കാരും 50 ശതമാനം തോട്ടം ഉടമകളും വഹിക്കും. തൊഴില്‍ വകുപ്പ് നടത്തിയ സര്‍വെയില്‍ 32,454 തൊഴിലാളികള്‍ക്ക് സ്വന്തമായി വീടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
തോട്ടം തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ ബാധകമാക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തോട്ടം ഉടമകള്‍ ഇതിലേക്ക് വിഹിതം അടയ്‌ക്കേണ്ടതുണ്ട്. ഉപേക്ഷിക്കപ്പെട്ടതോ പ്രവര്‍ത്തനരഹിതമായി കിടക്കുന്നതോ ആയ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുകയോ തൊഴിലാളി സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കുകയോ ചെയ്യും. ഇക്കാര്യം തോട്ടം ഉടമകളുമായുളള യോഗത്തിലും വ്യക്തമാക്കി.
തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടികളുടെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ വേതനം കാലോചിതമായി പരിഷ്‌കരിക്കാന്‍ തൊഴില്‍ വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വേതനം വര്‍ധിപ്പിക്കാന്‍ തയ്യാറാണെന്ന് തോട്ടം ഉടമകളുടെ പ്രതിനിധികള്‍ സമ്മതിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
.