പ്രവാസി മലയാളികളോട് കേരള സര്‍ക്കാര്‍ ചെയ്ത ഏറ്റവും മനുഷ്യത്വപരമായ ഇടപെടല്‍, കേന്ദ്രം കേരളത്തെ കണ്ട് പഠിക്കുക തന്നെ വേണം; അഭിനന്ദിച്ച് മതിവരാതെ അഷ്‌റഫ് താമരശ്ശേരി

പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി അടക്കം ഒട്ടേറെ നേതാക്കള്‍ക്ക് അഷ്റഫ് താമരശ്ശേരി നിവേദനം നല്‍കിയിരുന്നു.

ഷാര്‍ജ: പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന കേരള സര്‍ക്കാരിന്റെ ബജറ്റിലെ പ്രഖ്യാപനത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് പ്രവാസി ലോകം. സര്‍ക്കാരിനെ അഭിനന്ദനിച്ചും നന്ദി പറഞ്ഞും മതിയാവുന്നില്ല പ്രവാസി ഭാരതീയ സമ്മാന ജേതാവായ അഷ്റഫ് താമരശ്ശേരിയ്ക്ക്.

പ്രവാസി മലയാളികളോടു കേരള സര്‍ക്കാര്‍ ചെയ്ത ഏറ്റവും മനുഷ്യത്വപരമായ ഇടപെടലാണ് ഇതെന്ന് അദ്ദേഹം പ്രതികരിച്ചു. കേരളത്തിന്റെ മാതൃക കേന്ദ്ര സര്‍ക്കാര്‍ കണ്ടു പഠിക്കണമെന്നും അഷ്റഫ് താമരശ്ശേരി പറയുന്നു. പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി അടക്കം ഒട്ടേറെ നേതാക്കള്‍ക്ക് അഷ്റഫ് താമരശ്ശേരി നിവേദനം നല്‍കിയിരുന്നു.

പക്ഷേ യാതൊരു ഫലവും കണ്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ഈ നടപടി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ ബജറ്റ് സമ്മേളനത്തിലാണ് പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചത്.

Exit mobile version