തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന എന്‍ഡോ സള്ഫാന് സമരസമിതിയുമായി നാളെ റവന്യൂ മന്ത്രി ചര്‍ച്ച നടത്തും. 11.30ന് നിയമസഭയില്‍ വെച്ചാണ് ചര്‍ച്ച. തങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതായി സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്നത്. മുഴുവന്‍ ദുതിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം നല്‍കുക, കടങ്ങള്‍ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യങ്ങള്‍.
കഴിഞ്ഞ വര്‍ഷം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്ത ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പാക്കിയില്ലെന്നാണ് സമര സമിതി ആരോപിക്കുന്നത്. അധികാരികളുടെ കണ്ണ് തുറക്കും വരെ പട്ടിണി സമരമെന്നാണ് ഇവരുടെ നിലപാട്.
എന്നാല്‍ സര്‍ക്കാര്‍ കണക്കിലുള്ള 6212 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും സര്‍ക്കാര്‍ ധന സഹായമായി ഇതുവരെ 184 കോടി രൂപ ചെലവഴിച്ചെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കി. സുപ്രീം കോടതി വിധി പ്രകാരം ധനസഹായത്തിന്റെ മൂന്ന് ഗഡുക്കളും നല്‍കിയെന്നും ഈ സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നാണ് സര്‍ക്കാര്‍ സമരസമിതിയോട് ആവശ്യപ്പെടുന്നത്.
Discussion about this post