തിരുവനന്തപുരം:പ്രതീകാത്മകമായി മഹാത്മാഗാന്ധിയുടെ കോലത്തിലെക്ക് വെടിവയ്ക്കുകയും ഗോഡ്സെയെ മഹാനായി വാഴ്ത്തുകയും ചെയ്ത ഹിന്ദു മഹാസഭാ നടപടി നീചവും പ്രാകൃതവുമാണൈന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കോടിയേരി പ്രസ്താവനയിലൂടെ പറഞ്ഞു.
ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജാശകുന്‍ പാണ്ഡെയാണ് ഗാന്ധി കോലത്തിലേക്ക് പ്രതീകാത്മകമായി വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഗാന്ധി ഘാതകന്‍ ഗോഡ്സെയ്ക്ക് മാല ചാര്‍ത്തുകയും, മധുര വിതരണം ചെയ്യുകയും ചെയ്ത ഈ സംഭവം രാജ്യദ്രോഹമാണ്.
കേന്ദ്രത്തില്‍ മോഡിയും, യുപിയില്‍ യോഗി ആദിത്യനാഥും ഭരിയ്ക്കുന്നതിന്റെ ബലത്തിലാണ് ഗാന്ധിജിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ പ്രാകൃതമായ ഈ നടപടിയുണ്ടായത്. രാഷ്ട്രപിതാവിനെ അപമാനിച്ചവരെ ഉടനടി അറസ്റ്റു ചെയ്യുകയും രാജ്യദ്രോഹത്തിന് തുറങ്കിലടയ്ക്കുകയും ചെയ്യണമെന്നും കോടിയേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു