കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ പരീക്ഷ നടത്തിപ്പില്‍ വന്‍ വീഴ്ചകള്‍ എന്ന് കണ്ടെത്തല്‍. കഴിഞ്ഞദിവസം നടന്ന അഞ്ചാം സെമസ്റ്റര്‍ ബികോം പരീക്ഷയുടെ ചോദ്യകടലാസിലുണ്ടായിരുന്ന ഭൂരിഭാഗം ചോദ്യങ്ങളും നാലാം സെമസ്റ്ററിലേതായിരുന്നു എന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇത്തരം ക്രമക്കേടുകള്‍ തടയാന്‍ സ്വാശ്രയ കോളജുകളില്‍ നിയമിച്ചിരുന്ന അഡീഷണനല്‍ ചീഫ് എക്സാമിനര്‍മാരെയും സര്‍വകലാശാല പിന്‍വലിച്ചു.
ഇന്‍കം ടാക്സ് ലോ ആന്‍ഡ് പ്രാക്ടീസ് എന്ന അഞ്ചാം സെമസ്റ്ററ്റിലെ വിഷയത്തിന് നാല്പത് മാര്‍ക്കിലാണ് പരീക്ഷ നടത്തിയത്. ഇതില്‍ ഇരുപത്തിനാല് മാര്‍ക്കിന്റെ ചോദ്യങ്ങളും നാലാം സെമസ്റ്ററില്‍ നിന്നായിരുന്നു. അഞ്ചാം സെമസ്റ്ററില്‍നിന്ന് ചോദിച്ചത് വെറും നാല് ചോദ്യങ്ങള്‍ മാത്രം. ഇതോടെ കുട്ടികളും അധ്യാപകരും ആശയകുഴപ്പത്തിലായി. ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകന് ഒരു തവണയെങ്കിലും സിലബസ് നോക്കിയിരുന്നെങ്കില്‍ ഈ വീഴ്ച ഒഴിവാക്കാമായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
സ്വാശ്രയ കോളജുകളിലെ കോപ്പിയടി തടയാന്‍ എയ്ഡഡ്, സര്‍ക്കാര്‍ കോളജില്‍ നിന്നുള്ള അധ്യാപകരെ പരീക്ഷാ മേല്‍നോട്ടത്തിന് നിയമിക്കുന്ന കീഴ് വഴക്കവും സര്‍വകലാശാല അട്ടിമറിച്ചു. ഇതോടെ പരീക്ഷയുടെ തലേന്ന് തന്നെ ചോദ്യകലാസിന്റെ കവര്‍ പൊട്ടിച്ച് ചോദ്യങ്ങള്‍ ചോര്‍ത്താനുള്ള സാധ്യതയ്ക്കും വഴി തുറന്നു. സ്ക്വാഡുകളുടെ എണ്ണം വര്‍ധിപ്പിച്ചെങ്കിലും ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ സാധിക്കുന്നില്ലെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്.
Discussion about this post