തൃശൂര്‍: ബസ് യാത്രയ്ക്കിടെ അടുത്തിരുന്ന വയോധികന് ഹൃദയാഘാതം സംഭവിച്ച് മടിയിലേക്ക് വീണപ്പോള്‍ പകച്ചുപോയെങ്കിലും രാജേഷ് ഒരു നിമിഷം പോലും മടിച്ചുനിന്നില്ല. കേട്ടറിവ് ഉപയോഗപ്പെടുത്തി കുഴഞ്ഞുവീണയാള്‍ക്ക് സിപിആര്‍ നല്കി ജീവിതത്തിലേക്ക് തിരിച്ചുപിടിക്കുകയായിരുന്നു.ആ കുഴഞ്ഞു വീണ സഹയാത്രികന് ആരെന്നുപോലും രാജേഷിന് ഇപ്പോഴും അറിയില്ല; എന്തിന്, ആ ഹൃദയത്തിലേക്കു താന്‍ മിടിപ്പു പകരുമ്പോള്‍ ലോകം ഹൃദയ പുനരുജ്ജീവന ദിനം ആചരിക്കുകയാണെന്നും തിരിച്ചറിഞ്ഞില്ല.
തൃശൂര്‍ സണ്‍ ഹോസ്പിറ്റലില്‍ അറ്റന്‍ഡറായ ആലത്തൂര്‍ തോണിപ്പാടം ചാപ്രയില്‍ രാജേഷാ(30)ണു ലോക ഹൃദയ പുനരുജ്ജീവന ദിനംകൂടിയായ ഇന്നലെ ബസില്‍ തളര്‍ന്നു വീണ സഹയാത്രികനു സിപിആര്‍ ശുശ്രൂഷ നല്‍കിയത്. മണ്ണുത്തി ബൈപാസിനു സമീപം എത്തിയപ്പോള്‍ പിന്‍സീറ്റില്‍ ഇരുന്ന മധ്യവയസ്കന് കുഴഞ്ഞു മടിയിലേക്കു വീഴുകയായിരുന്നു.
ആശുപത്രിയില്‍നിന്നു ലഭിച്ച പരിശീലനം ഓര്‍മ്മിച്ച രാജേഷ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ചെവിക്കു താഴെയായി പള്‍സ് പരിശോധിച്ചശേഷം രോഗിയെ മലര്‍ത്തി കിടത്തി. ഇരുകൈപ്പത്തികളും രോഗിയുടെ നെഞ്ചില്‍ ചേര്‍ത്തു ശക്തിയായി അമര്‍ത്തി. അയാള്‍ ഉണര്‍ന്നെണിക്കും വരെ സ്വന്തം ഹൃദയവും ശ്വാസവും നിലച്ച അവസ്ഥയിലായിരുന്നു താനെന്നു രാജേഷ് ഓര്‍ക്കുന്നു.
ബസ് നിര്‍ത്തി രോഗിയെയും ഭാര്യയെയും ആശുപത്രിയിലേക്ക് ഓട്ടോയില്‍ കയറ്റിവിട്ടശേഷമാണു യാത്ര തുടര്‍ന്നത്. പേരുപോലും ചോദിക്കാന്‍ ഓര്‍ത്തില്ല.ആശുപത്രിയില്‍ സിപിആര്‍ ശുശ്രൂഷയുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പരിശീലനമാണു തുണച്ചത്.
Discussion about this post