കൊച്ചി: സാമൂഹിക പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍ പോസ്റ്റ് ചെയ്ത രക്തദാനത്തിനിടയിലെ അപകടസാധ്യതകള്‍ വിവരിക്കുന്ന ഫേസ്ബുക്ക് ലൈവിന് മറുപടിയുമായി നഴ്സിങ് സംഘടനയായ യുഎന്‍എയുടെ മുന്‍ജനറല്‍ സെക്രട്ടറിയും പ്രവാസി യുഎന്‍എയുടെ അധ്യക്ഷനുമായ ജിതിന് ലോഹി രംഗത്ത്.
ആശുപത്രിയിലെ ജീവനക്കാരുടെ അശ്രദ്ധകാരണം എച്ച്ഐവി ബാധിച്ച യുവതിയുടെയും കുടുംബത്തിന്റെയും ദാരുണ അവസ്ഥ വിവരിക്കുന്ന ഫേസ്ബുക്ക് ലൈവില്‍ നഴ്സുമാരുടെ അനാസ്ഥയാണ് എച്ച്ഐവി ബാധിക്കാന്‍ പലപ്പോഴും കാരണമാകുന്നതെന്ന് ഫിറോസ് ആരോപിച്ചിരുന്നു. ഡോക്ടര്‍മാര്‍ കോടികള്‍ സമ്പാദിക്കുന്ന തിരക്കിനിടയില്‍ വിട്ടു പോകുന്നതാകാം രോഗിയുടെ സുരക്ഷയെന്നും വീഡിയോയില്‍ ഫിറോസ് പറഞ്ഞിരുന്നു. ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ചതുവഴി എയ്ഡ്സ് ബാധിച്ച രണ്ട് സ്ത്രീകളുടെ അവസ്ഥയാണ് ഫിറോസ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. ഗര്‍ഭിണിയായിരിക്കെ രക്തം സ്വീകരിച്ചതുവഴി ആ യുവതിക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കും ഭര്‍ത്താവിനും എച്ച്ഐവി ബാധിച്ചെന്നും സമൂഹം പോലും ഒറ്റപ്പെടുത്തുകയും ചികിത്സയ്ക്കും ഭക്ഷണത്തിനും മറ്റുവഴികളില്ലാതെ തന്നെ കാണാന്‍ ആ കുടുംബം വന്നിരുന്നെന്ന് വിവരിക്കുകയായിരുന്നു ഫിറോസ്. ഈ വീഡിയോയില്‍ രക്തദാതാവില്‍ നിന്നും രക്തമെടുക്കുന്ന നഴ്സുമാരുടെയും രോഗിക്ക് രക്തം കുത്തിവെയ്ക്കുന്ന നഴ്സുമാരുടെയും അശ്രദ്ധയാണ് ഈ ദാരുണഅവസ്ഥയ്ക്ക് കാരണമാകുന്നതെന്നും കുറച്ചുകൂടി കരുതല്‍ നഴ്സുമാര്‍ കാണിക്കണമെന്നും ഫിറോസ് അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍, ഈ വാദങ്ങളെ തള്ളിയ പ്രവാസി നഴ്സായ ജിതിന് ലോഹി രക്തം സ്വീകരിച്ചതുവഴി പകരുന്ന എച്ച്ഐവി ബാധയ്ക്ക് നഴ്സുമാരല്ല കാരണക്കാരെന്ന് വിശദീകരിക്കുന്നു. ബ്ലഡ് ബാങ്കില്‍ രക്തം സ്വീകരിക്കുന്ന സമയത്താണ് പരിശോധനകള്‍ നടത്താറുള്ളതെന്നും, ഇവിടെ സ്വീകരിക്കപ്പെടുന്ന രക്തം പിന്നീട് ആശുപത്രിയിലെത്തുമ്പോള്‍ ഗ്രൂപ്പ് പരിശോധിച്ച് രോഗിക്ക് ചേരുന്ന രക്തമാണോ എന്ന് വിലയിരുത്തല്‍ മാത്രമാണ് ഒരു നഴ്സിന്റെ ഡ്യൂട്ടിയെന്നും വ്യക്തമാക്കുന്നു.
ബ്ലഡ് ബാങ്കില്‍ നിന്നും എത്തുന്ന രക്തത്തില്‍ പിന്നീട് ഗ്രൂപ്പ് പരിശോധനയല്ലാതെ ഒന്നും നടത്താറില്ല. രക്തം സ്വീകരിച്ചതുവഴി എച്ച്ഐവി ബാധിക്കുന്ന സംഭവം അപൂര്‍വ്വമാണ്. അഥവാ ഇത്തരത്തില്‍ സംഭവിക്കുകയാണെങ്കില്‍ തന്നെ അത് വിന്‍ഡോ പിരീഡില്‍ സ്വീകരിക്കപ്പെടുന്ന രക്തം വഴിയാണെന്നും ജിതിന് പറയുന്നു. അണുബാധയുണ്ടായി കുറച്ചു നാളുകള്‍ക്ക് ശേഷമാണ് രക്തപരിശോധനയില്‍ എച്ച്ഐവി ബാധ കണ്ടെത്താനാവുക. ഈ കാലയളവാണ് വിന്‍ഡോ പിരീഡ്. ഈ സമയത്ത് അണുബാധ ഒരു പരിശോധനയിലും വെളിപ്പെടില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇത്തരത്തില്‍ അണുബാധ വളരെ അപൂര്‍വ്വമായേ സംഭവിക്കാറുള്ളൂ. വിന്‍ഡോ പിരീഡില്‍ എച്ച്ഐവി ബാധ കണ്ടെത്താന്‍ ബ്ലോട്ട് ടെസ്റ്റ് പോലുള്ള അതിനൂതന പരിശോധനകള്‍ ആവശ്യമാണ്. അതെല്ലാവര്‍ക്കും ചെയ്യുക എന്നത് അപ്രായോഗികമാണ്. ഇന്ത്യയില്‍ തന്നെ ഈ പരിശോധനകള്‍ പതിവില്ലാത്തതുമാണ്. അതിനാല്‍ നഴ്സുമാരെ ഈ വിഷയത്തില്‍ കുറ്റപ്പെടുത്തിയ ഫിറോസ് തെറ്റുതിരുത്തണമെന്നും സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന തെറ്റിധാരണജനകമായ പോസ്റ്റ് രക്തദാതാക്കളെ പോലും പിന്നോട്ടടിക്കുന്ന തരത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ജിതിന് ഫേസ്ബുക്ക് ലൈവില്‍ വിവരിക്കുന്നു.
ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ജിതിന് ലോഹിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
Discussion about this post