കൊച്ചി: കാലം മാറിയപ്പോള്‍ തട്ടിപ്പിന്റെ സ്വഭാവവും മാറഇ എന്ന് വേണം പറയാന്‍. പണ്ട് വഴിയരികില്‍ ചൂതാട്ടവും ചീട്ടുകളിയും ഒക്കെ ആയിരുന്നു കാശുതട്ടാന്‍ ഉള്ള മാര്‍ഗങ്ങള്‍ എന്നാല്‍ ഇന്ന് ഇന്റര്‍നെറ്റ് യുഗത്തില്‍ ജീവിക്കുന്ന നമുക്ക് തട്ടിപ്പുകള്‍ എത്തുന്നത് ഓണ്‍ലൈന്‍ വഴിയാണ്. ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്യുന്ന ഓഫറുകളും കേട്ടു കേള്‍വിയില്ലാത്ത മോഹന സുന്ദര വാഗ്ദാനങ്ങളും നല്‍കി തട്ടിപ്പിന്റെ അപ്പോസ്തലന്‍മാര്‍ നമ്മുടെ കൈയ്യെത്തും ദൂരത്തുണ്ട്.
അത്തരത്തില്‍ തന്നെ ഒരു ലക്ഷപ്രഭുവാക്കിയ ഓണ്‍ലൈന്‍ തട്ടിപ്പിനെ തുറന്ന് കാണിക്കുകയാണ് അരുണ്‍ ഗോപി എന്ന യുവാവ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്‌നാപ് ഡീലിനെ കൂട്ടുപിടിച്ചാണ് പുതിയ തട്ടിപ്പ്. എന്നാല്‍ സാധാരണക്കാരുടെ കഴുത്തറുക്കുന്ന ഈ തട്ടിപ്പ് സ്‌നാപ് ഡീല്‍ കമ്പനിക്ക് കേട്ടുകേള്‍വിപോലും ഉണ്ടായിരിക്കില്ല എന്നതാണ് മറ്റൊരു സത്യം. ബാങ്ക് ഡീറ്റയില്‍സ് ഉള്‍പ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങള്‍ യാതൊരു കാരണവശാലും കൈമാറരുതെന്ന് പോലീസിന്റേയും ബാങ്ക് അധികൃതരുടേയും കര്‍ശന മുന്നറിയിപ്പ് ഉള്ളപ്പോഴാണ് ഈ പുതിയ തരം തട്ടിപ്പ്.
കോട്ടയം കടപ്പൂര്‍ സ്വദേശിയാണ് അരുണ്‍. അരുണ്‍ ഒരു ആര്‍ടിസ്റ്റ് കൂടിയാണ്. വളരെ രസകരമായ രീതിയില്‍ ഫേസ്ബുക്കിലൂടെയാണ് തട്ടിപ്പിന്റെ കഥ പുറം ലോകത്തെ അറിയിച്ചത്. അരുണ്‍ ഗോപിയുടെ മേല്‍വിലാസത്തിലെത്തില്‍ സ്‌നാപ് ഡീലിന്റെ പേരില്‍ പത്ത് ലക്ഷം രൂപയുട ഗിഫ്റ്റ് വൗച്ചര്‍ എത്തിയിരുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇതിനോട് അനുബന്ധമായി ആവശ്യപ്പെടുകയും ചെയ്തു. തട്ടിപ്പ് ശ്രദ്ധയില്‍പ്പെടുത്തി അരുണ്‍ ഗോപി സ്‌നാപ് ഡീലിന് മെയില്‍ അയച്ചിട്ടുണ്ട്.
അരുണ്‍ ഗോപിയുടെ കുറിപ്പ് വായിക്കാം;
അറിഞ്ഞോ, ഞാൻ ലക്ഷപ്രഭുവായി!!!
സുഹൃത്തുക്കളെ,
യാതൊരു കഷ്ടപ്പാടുമില്ലാതെ ഒരു സുപ്രഭാതത്തിൽ Snapdeal.com എന്ന കമ്പനി എന്നെ ലക്ഷപ്രഭുവാക്കിയ വിവരം വലിയ ആശങ്കയോടെ നിങ്ങളെ അറിയിക്കുന്നു. പത്തുലക്ഷം രൂപ എനിക്ക് ഭാഗ്യ സമ്മാനമായി കിട്ടി എന്ന കാര്യം രണ്ട് ഗിഫ്റ്റ് വൗച്ചറുകൾ അയച്ചാണ് അറിയിച്ചിട്ടുള്ളത്. ഇന്ത്യൻ തപാൽ വകുപ്പിലൂടെ ഫ്രം അഡ്രസ് ഇല്ലാതെ വന്ന കവർ സ്വാഭാവികമായും ആരെയും ആശയക്കുഴപ്പത്തിലാക്കുമല്ലോ. നോട്ടുപുസ്തകത്തിന്റെ പുറംചട്ട രണ്ടായി മുറിച്ചതു പോലെയുള്ള രണ്ട് കട്ടിക്കടലാസ് കഷണങ്ങളാണ് കവറിലുള്ളത്. ഒരെണ്ണത്തിൽ എനിക്ക് 10 ലക്ഷം സമ്മാനം ലഭിച്ചതിന്റെ അറിയിപ്പ്. മറ്റൊ രണ്ണം സ്ക്രാച്ച് & വിൻ ഭാഗ്യപരീക്ഷണം. 10 ലക്ഷം സമ്മാനം എന്റെ കയ്യിൽ എത്തണമെങ്കിൽ ഞാൻ വ്യക്തിപരമായ ചില വിവരങ്ങൾ നൽകണമെന്നാണ് അവരുടെ ആവശ്യം.
1. ആധാർ നമ്പർ
2. പാൻ കാർഡ് നമ്പർ
3. ആവശ്യപ്പെടുന്ന മറ്റു രേഖകൾ
4. ജി എസ് ടി നൽകണം (ല ഭിക്കുന്ന തുകയ്ക്ക്)
നെറ്റ് ബാങ്കിങ് ഇടപാടു നടത്താറുള്ള എന്റെ മോബൈൽ ഫോൺ നമ്പറും പോസ്റ്റൽ അഡ്രസും ഉപയോഗിച്ച് എന്നെ ലക്ഷങ്ങളുടെ ഉടമയാക്കാൻ ഒരുമ്പെട്ടിറങ്ങിയ Snapdeal നെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിനെ കുറിച്ച് നിങ്ങൾ മാർഗ്ഗ നിർദേശം നൽകി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാളെ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഏറെ ബുദ്ധിമുട്ടാതെ ഈ കക്ഷികൾ പണം ചോർത്തുമെന്നു ഞാൻ സംശയിക്കുന്നതിൽ തെറ്റുണ്ടോ?
മേൽവിലാസവും ഫോൺ നമ്പറുമില്ലാത്ത ഈ സമ്മാനപ്പൊതിക്കെതിരെ നിയമ നടപടി സാധ്യമാണോ? എന്റെ സുഹൃത്തുക്കളായ മാധ്യമ പ്രവർത്തകർ ഇതൊരു തട്ടിപ്പാണെന്നും വാർത്തയായി പ്രസിദ്ധീകരിക്കാമെന്നും പറഞ്ഞു. അവരുടെ വാക്കിൽ എനിക്കു വിശ്വാസമുണ്ട്. അതേ സമയം നാളെയോ മറ്റന്നാളോ ഇതുപോലൊരു കവർ നിങ്ങളെയും തേടിവരുമെന്ന് എല്ലാവരും കരുതിയിരിക്കേണ്ടതുണ്ട്. തട്ടിപ്പിന് മറ്റാരും ഇരയാകാതിരിക്കാൻ വേണ്ടി എന്റെ അനുഭവം കുറിക്കുന്നു.
നന്ദി.
അരുൺ ഗോപി