പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; കുറ്റവാളികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല, ഒഎം ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തു, ആരോപണം തെളിഞ്ഞാല്‍ ‘പടിക്ക് പുറത്ത്’; മുല്ലപ്പള്ളി രാമചന്ദ്രന്‍

അവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയും ജോര്‍ജിന്റെ വീട്ടില്‍ ജോലിക്കെത്തും.

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്ന പരാതി ഉയര്‍ന്നതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് ഒഎം ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും ആരോപണം തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്നും പൂര്‍ണ്ണമായും പുറത്താക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കുറ്റവാളികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാലമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവും ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും ബത്തേരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഒഎം ജോര്‍ജിനെതിരെ പോക്സോ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജിന്റെ വീട്ടില്‍ ജോലിക്ക് പോകാറുണ്ടായിരുന്നു.

അവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയും ജോര്‍ജിന്റെ വീട്ടില്‍ ജോലിക്കെത്തും. മാതാപിതാക്കള്‍ ഒപ്പമില്ലാതിരുന്ന സമയങ്ങളില്‍ ജോര്‍ജ് പെണ്‍കുട്ടിയെ പലതവണകളായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 17 വയസ്സുകാരിയെ പ്രതി ഒന്നര വര്‍ഷക്കാലം പീഡിപ്പിച്ചതായി പോലീസ് പറയുന്നു. ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

Exit mobile version