ഓട്ടിസം ബാധിച്ച് ആക്രമണ സ്വഭാവം കാണിക്കുന്ന ഏഴു വയസ്സുകാരിയായ ശ്രീലക്ഷ്മിയെ നമുക്ക് പെട്ടെന്ന് ഒന്നും മറക്കാന്‍ സാധിക്കില്ല. തിരിച്ചറിവില്ലാതെ, ആക്രമണ സ്വഭാവം കാണിക്കുന്ന കുഞ്ഞിനെ ജനല്‍കമ്പികളില്‍ കെട്ടിയിട്ടാണ് അമ്മ ബിന്ദു വീട്ടുജോലികള്‍ ചെയ്തിരുന്നത്. ജന്മനാ ഓട്ടിസം ബാധിച്ച ശ്രീലക്ഷ്മിയുടെ അച്ഛന് ബിന്ദുവിനെ ഉപേക്ഷിച്ച് പോയതോടെ ആ കുടുംബം ദുരിതത്തിലായി.
മകളുടെ ചികിത്സയും വീട്ടുചെലവും മൂത്ത മകളുടെ പഠനവും എല്ലാം വഴിമുട്ടി. എന്തിനും ഏതിനും അമ്മയെ ആശ്രയിക്കുന്ന ശ്രീലക്ഷ്മിയെ വിട്ട് ജോലിക്ക് പോകാന്‍ കൂടി കഴിയാതായതോടെ മൃതദേഹങ്ങളുടെ ഫോട്ടോയെടുക്കുന്ന ഫോട്ടോഗ്രാഫറായ ബിന്ദുവിന് ഏക വരുമാനവും നഷ്ടമായി.
എന്നാല്‍ ന്യൂറോ സംബന്ധമായ നല്ല ചികിത്സ ലഭിച്ചാല്‍ ശ്രീലക്ഷ്മിക്ക് മാറ്റമുണ്ടാകും എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എങ്കിലും ഇതിനു വേണ്ട ചെലവ് കണ്ടെത്തുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ഈ അവസ്ഥയിലാണ് ഫിറോസ് കുന്നംപറമ്പില്‍ എന്ന സാമൂഹികപ്രവര്ത്തകന് ശ്രീലക്ഷ്മിയുടെയും അമ്മയുടെയും അവസ്ഥ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
സ്വന്തമായി കിടപ്പാടമില്ലാത്ത ഈ കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീടുണ്ടാകുന്നതിനും മകളുടെ ചികിത്സക്കും ആവശ്യമായ പണം കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. ശ്രീലക്ഷ്മിയുടെ അവസ്ഥ കണ്ടു സുമനസുകള്‍ കനിഞ്ഞപ്പോള്‍ ബാങ്ക് അകൗണ്ടിലേക്ക് വിദേശത്തു നിന്നും സ്വദേശത്തു നിന്നുമായി ധനസഹായമെത്തി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ശ്രീലക്ഷ്മിയുടേയും കുടുംബത്തിന്റേയും ജീവിതത്തില്‍ പ്രതീക്ഷാവഹമായ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ശ്രീലക്ഷ്മിക്കും കുടുംബത്തിനും അടച്ചുറപ്പുള്ള ഒരു വീട് നിര്‍മിക്കാനായി. ന്യൂറോ സംബന്ധമായ ചികിത്സ ചെന്നൈയിലാണ് നടക്കുന്നത്.
ശ്രീലക്ഷ്മി ജീവിതത്തിലേക്ക്…
‘മോളെ ജനല്ക്കമ്പികളില് നിന്നും മോചിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയതല്ല. ധനസഹായം ലഭിച്ചതോടെ ചെന്നൈയിലെ ആശുപത്രിയില്‍ കൊണ്ടുപോയി വിദഗ്ധ ചികിത്സ നല്കാന് കഴിഞ്ഞു. കാന്തങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഇലക്ട്രിക് ട്രീറ്റ്മെന്റ് ആണ് നടത്തുന്നത്. വളരെ പതുക്കെ മാത്രമേ ഇതിനു ഫലം ലഭിക്കൂ എന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ തന്നെ ശ്രീലക്ഷ്മിക്ക് നല്ല മാറ്റമുണ്ട്.
അവള് ഇപ്പോള്‍ പണ്ടത്തെപ്പോലെ അക്രമാസക്തയാവാറില്ല. അതുകൊണ്ടുതന്നെ കെട്ടിയിടേണ്ട അവസ്ഥയില്ല. മാത്രമല്ല, ഇപ്പോള്‍ നമ്മളോട് പ്രതികരിക്കാനും തുടങ്ങിയിട്ടുണ്ട്. സ്പെഷ്യല്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയതോടെ അതിന്റേതായ മാറ്റങ്ങളും വന്നിട്ടുണ്ട്. വാശിയുണ്ടെങ്കില്‍ അത് എന്നോട് മാത്രമാണ്. മുടിപിടിച്ചു വലിക്കാന്‍ തുടങ്ങിയാല്‍ വിടില്ല. എന്നാല്‍ സ്കൂളില്‍ ടീച്ചര്മാരോടൊക്കെ വലിയ അടുപ്പമാണ്. അവര്‍ എന്ത് പറഞ്ഞാലും പെട്ടന്ന് അനുസരിക്കും.”ശ്രീലക്ഷ്മിയുടെ ‘അമ്മ ബിന്ദു പറയുന്നു.
ശ്രീലക്ഷ്മി വാശിക്കാരിയാണ് എന്ന് പറയുമ്പോള്‍, ഇത്രയും പാവം കുട്ടി വേറെ ഇല്ല എന്നാണ് ശ്രീലക്ഷ്മിയുടെ ടീച്ചര്മാര് പറയുന്നത്. സ്പെഷ്യല്‍ സ്കൂളില്‍ പോകാന്‍ ശ്രീലക്ഷ്മിക്ക് വളരെ ഇഷ്ടമാണ്. സ്കൂള്‍ ബസിലാണ് വരുന്നതും പോകുന്നതും. ഇത്തവണ സ്കൂളിലെ സ്പോര്‍ട്സ് ഡേയ്ക്ക് ശ്രീലക്ഷ്മിയും പങ്കെടുത്തു. പന്ത് തട്ടുന്നതില്‍ മിടുക്കിയാണ് ശ്രീലക്ഷ്മി. രണ്ടു വയസ്സുള്ള കുഞ്ഞുങ്ങള്‍ ചെയ്യുന്ന കാര്യങ്ങളാണ് ഏറെ കൗതുകത്തോടെ ശ്രീലക്ഷ്മി ഇപ്പോള്‍ ചെയ്യുന്നത്. എന്നാല്‍ ഇത് ബിന്ദു എന്ന ഈ അമ്മക്ക് നല്കുന്ന സന്തോഷവും സമാധാനവും ചെറുതല്ല. തന്റെ മകളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനായി, അവള്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിനായി, അടച്ചുറപ്പുള്ള ഒരു വീട് സ്വന്തമാക്കുന്നതിനായി സഹായിച്ച എല്ലാവര്ക്കും നിറഞ്ഞ കണ്ണുകളോടെ നന്ദി അറിയിക്കുകയാണ് ബിന്ദു.
Discussion about this post