കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; വാന്‍ ഡ്രൈവര്‍ മരിച്ചു, 14 പേര്‍ക്ക് പരിക്ക്

ബേപ്പൂരില്‍ നിന്ന് മത്സ്യം കയറ്റി താനൂരിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനും പെരിന്തല്‍മണ്ണയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും രാമനാട്ടുകര കണ്ടായി പെട്രോള്‍ ബങ്കിന് മുന്‍വശത്ത് വെച്ച് ഇന്നലെ രാവിലെയാണ് കൂട്ടിയിടിച്ചത്

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസും മീന്‍ കയറ്റിവന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. ബസിലെ പതിന്നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റു. താനൂര്‍ വട്ടത്താണി നിറമരത്തൂര്‍ പനങ്ങാടന്റകത്ത് ഇസ്മായീല്‍ (50) ആണ് മരിച്ചത്.

ബേപ്പൂരില്‍ നിന്ന് മത്സ്യം കയറ്റി താനൂരിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനും പെരിന്തല്‍മണ്ണയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും രാമനാട്ടുകര കണ്ടായി പെട്രോള്‍ ബങ്കിന് മുന്‍വശത്ത് വെച്ച് ഇന്നലെ രാവിലെയാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ബസ് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്താണ് നിന്നത്. പിക്കപ്പ് വാനിന്റെ മുന്‍വശം പൂര്‍ണ്ണമായും ബസിന്റെ മുന്‍വശം ഭാഗികമായും തകര്‍ന്നു.

അപകടം കണ്ട് ഓടിയെത്തിയ നാട്ടുക്കാര്‍ ഉടന്‍ തന്നെ പിക്കപ്പ് വാന്‍ ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു. ഇസ്മയില്‍ മത്സ്യവ്യാപാരിയാണ്. ഭാര്യ: നസീമ മക്കള്‍: അംജത് , ജാഫര്‍, മര്‍ജാന്‍, മിന്‍ഹാ, മുഹമ്മദ് മാസിം, മരുമക്കള്‍: ഹസീന, ജുബീന. പരിക്കേറ്റവര്‍ ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.

Exit mobile version