പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പൂര്‍ണ്ണ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കം; ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പൂര്‍ണ്ണ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബിനോയ് വിശ്വം എംപി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ യോജിച്ച് ഒരു തീരുമാനമെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള പ്രവാസി ഫെഡറേഷന്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൃതദേഹം തൂക്കി നോക്കി തുക ഈടാക്കുന്നത് പ്രവര്‍ത്തി എയര്‍ ഇന്ത്യ അവസാനിപ്പിച്ചിട്ടുണ്ട്. പകരം വിവിധ സ്ലാബുകള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ ഇതും നീതികേടാണ്. ഒരു പൈസ പോലും ഇടാക്കാതെയാണ് നാടിനു വേണ്ടി അധ്വാനിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അംബാനിമാര്‍ക്കും നീരവ് മോഡിമാര്‍ക്കും മാത്രം വായ്പ നല്‍കുന്ന ബാങ്കുകള്‍ പ്രവാസികള്‍ക്കു വേണ്ടിയും വാതില്‍ തുറക്കണം. നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് സമഗ്ര പദ്ധതി തയാറാക്കണം. പ്രവാസി ക്ഷേമനിധിയിലെ പ്രായപരിധി എടുത്തുകളയാന്‍ സര്‍ക്കാര്‍ ഇനിയും വൈകരുതെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Exit mobile version