തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പിന്നാലെ കേരളാ സന്ദര്‍ശനത്തിന് ഒരുങ്ങി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ നടക്കുന്ന ബിജെപി പൊതു സമ്മേളനത്തില്‍ ആദിത്യനാഥ് പങ്കെടുക്കും. ഫെബ്രുവരി 12നാണ് സമ്മേളനം.
രണ്ടാഴ്ചയ്ക്കിടെ രണ്ട് തവണ മോഡി കേരളം സന്ദര്‍ശിച്ചിട്ടും കേരള ബിജെപിയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചൂടുപിടിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന ഘടകത്തെയും അണികളെയും ചൂടുപിടിക്കാന്‍ യോഗിയുടെ കേരള സന്ദര്‍ശനം.
ഇടത്-വലത് മുന്നണികളെ കടന്നാക്രമിച്ച മോഡി ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട ശബരിമല തന്നെയെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ ഭാഷയില്‍ പറഞ്ഞാല്‍ ശബരിമല എന്ന സുവര്‍ണാവസരം മുന്നിലുണ്ടായിട്ടും സംസ്ഥാന ബിജെപിയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തണുത്ത് തന്നെയാണ്.
സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്. പ്രധാനഘടകകക്ഷി ബിഡിജെഎസ്സുമായുള്ള സീറ്റ് വിഭജന തര്‍ക്കമാണ് ഒരു പ്രശ്‌നം. ആറ് ചോദിച്ചെങ്കിലും പരമാവധി നാല് സീറ്റേ കൊടുക്കാന്‍ കഴിയൂ എന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്. നാളെ ചേരുന്ന ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി തര്‍ക്കം ചര്‍ച്ച ചെയ്യും.