തൃശ്ശൂര്‍: ദുരിതത്തിന് പിന്നാലെ വീണ്ടും ദുരിതം.. സുനേഷിന് ഇനി വേണ്ടത് സുമനസുകളുടെ സ്നേഹവും സഹായവും. ലോണെടുത്ത് വീട് പണി പൂര്‍ത്തിയാക്കി, എന്നാല്‍ വിധി പ്രളയത്തിന്റെ രൂപത്തില്‍ എത്തി. കേരളത്തെ ഒന്നാകെ നടുക്കിയ മഹാ പ്രളയത്തില്‍ സുനേഷിന്റെ സ്വപ്ന ഭവനവും ഒലിച്ചുപോയി.
തുടര്‍ന്നുള്ള ജീവിതം വഴിമുട്ടി നിന്നപ്പോഴായിരുന്നു വീണ്ടും വിധി ജീവിതത്തില്‍ വില്ലനായി എത്തിയത്. കുടലില്‍ കണ്ടെത്തിയ കാന്‍സര്‍ ജീവിതത്തിന്റെ താളം തെറ്റിച്ചു. ഇപ്പോള്‍ തകര്‍ന്ന വീടാണോ കാന്‍സര്‍ കാര്‍ന്നു തിന്നുന്ന ജീവനാണോ നിലനിര്‍ത്തേണ്ടത്… സുനേഷിന് ജീവന് നിലനിര്‍ത്താന്‍ ലക്ഷങ്ങള്‍ വേണം. ആലുവയിലെ സാമൂഹിക മേഖലയില്‍ നിറ സാന്നിധ്യമായ കരുമാലൂര്‍ മാമ്പ്ര കിഴക്കേടത്ത് പള്ളം വീട്ടില്‍ സിഎസ് സുനേഷിന് (സുനീഷ് കോട്ടപ്പുറം-31) വേണ്ടി കുടുംബവും സഹപ്രവര്‍ത്തകരുമാണ് സുമനസുകളുടെ സഹായം തേടുന്നത്.
സുനേഷ് ഇപ്പോള്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞു. ഇപ്പോഴും അതിതീവ്രത പരിചരണ വിഭാഗത്തിലാണ് സുനേഷ്. തുടര്‍ ചികിത്സകള്‍ക്കായി ഭീമമായ തുക ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍ ദിവസ കൂലിക്കായി കഷ്ടപ്പെടുന്ന അച്ഛന് സുബ്രഹ്മണ്യനും അമ്മ മങ്കയും മകന്റെ ചികിത്സയ്ക്കായി എന്തുചെയ്യണമെന്നറിയാതെ വലയുകയാണ്.
കഷ്ടപ്പെട്ടാണ് സുനേഷ് ഫോട്ടോഗ്രാഫി മേഖലയില്‍ സജീവമായത്. ആലുവയില്‍ നടക്കുന്ന ഭൂരിഭാഗം പരിപാടികളുടേയും സംഭവങ്ങളുടേയും ദൃശ്യങ്ങള്‍ പത്രങ്ങള്‍ക്കായി പകര്‍ത്തിയിരുന്നത് സുനേഷാണ്. മാത്രമല്ല ജനയുഗം ദിനപത്രത്തിന്റെ ആലുവ ലേഖകനായി ഏറെ കാലം പ്രവര്‍ത്തിച്ചു. ദി ആലുവ മര്‍ച്ചന്റ്സ് അസോസിയേഷന് യൂത്ത് വിങ് ട്രഷററുമായിരുന്നു.
ഇപ്പോള്‍ ആലുവ ശ്രീകൃഷ്ണ ടെമ്പിള്‍ റോഡില്‍ ‘ലില്ലിപ്പുട്ട്സ്’ എന്ന പേരില്‍ സ്വന്തം സ്റ്റുഡിയോ തുടങ്ങി. എന്നാല്‍ ജീവിതം ഒന്ന് പച്ച പിടിക്കുന്ന സമയത്തായിരുന്നു എല്ലാ പ്രതീക്ഷകളും തച്ചുടച്ച് പ്രളയം എത്തിയത്. വായ്പയെടുത്ത് നിര്‍മ്മിച്ച വീട് മുഴുവനായും വെള്ളത്തിനടിയിലായി. വയറുവേദനയെ തുടര്‍ന്ന് രാജഗിരി ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് കാന്‍സര്‍ രോഗം കണ്ടെത്തിയത്.
ആലുവ മീഡിയ ക്ലബിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരായ അന്‍വര്‍സാദത്ത്, വി കെ ഇബ്രാഹിംകുഞ്ഞ്, ജിസിഡിഎ ചെയര്മാന് വി സലീം എന്നിവരെ മുഖ്യരക്ഷാധികാരികളാക്കി ‘സുനേഷ് ചികിത്സാ സഹായ സമിതി’ രൂപീകരിച്ചിട്ടുണ്ട്. ആലുവ അര്‍ബന്‍ സഹകരണ ബാങ്ക് ആലുവ മുഖ്യ ശാഖയില്‍ സമിതി അക്കൗണ്ട് തുറന്നിട്ടുണ്ട്.
CD അക്കൗണ്ട് നമ്പര്‍: 030201100000791.
ഐഎഫ്എസ്സി കോഡ്: FDRL0AUCB02.
വിവരങ്ങള്‍ക്ക്: 99617 22075, 89219 39443.
Discussion about this post