പിറവം: പിറവം പള്ളിത്തര്‍ക്ക കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയിലെ നാലാമത്തെ ബെഞ്ചും പിന്‍വാങ്ങി. ഇതോടെ കേസ് കേള്‍ക്കാന്‍ ജഡ്ജിമാര്‍ ഇല്ലാതായി. കാരണം അറിയിക്കാതെയാണ് ജസ്റ്റിസ് ആനി ജോണ്‍ ഹര്‍ജി കേള്‍ക്കുന്നില്ല എന്നറിയിച്ചത്. മൂന്ന് ബെഞ്ചുകള്‍ ഒഴിവാക്കിയ ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ ഡിവിഷന് ബെഞ്ചില്‍ എത്തിയത്. ജഡ്ജിമാരായ ഹരിലാല്‍, ആനി ജോണ്‍ എന്നിവരായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്.
എന്നാല്‍ ഹര്‍ജി വിളിച്ചയുടന്‍ തന്നെ ഒഴിവാക്കുകയാണെന്ന് ജസ്റ്റിസ് ആനി ജോണ്‍ അറിയിക്കുകയായിരുന്നു. ഹൈക്കോടതിയിലെ നാലാമത്തെ ബെഞ്ചും ഒഴിവാക്കിയതോടെ ഹര്‍ജി വീണ്ടും ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്ക് അയച്ചു. മറ്റൊരു ഡിവിഷന് ബെഞ്ചിന് കൈമാറുകയോ അല്ലെങ്കില്‍ താനുള്‍പ്പെടുന്ന ഡിവിഷന് ബെഞ്ച് കേള്‍ക്കുകയോ ചെയ്യേണ്ടതായി വരുമെന്നാണ് റിപ്പോര്‍ട്ട്. പിറവം പളളി സംബന്ധിച്ച് തങ്ങള്‍ക്കനുകൂലമായ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്സ് വിഭാഗം നേരത്തെ ഹൈക്കോടതിയില്‍ എത്തിയത്.
ജസ്റ്റിസ് ദേവന് രാമചചന്ദ്രന്‍ ജസ്റ്റിസ് പിആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചായിരുന്നു ആദ്യം ഈ ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസ് ദേവന് രാമചന്ദ്രന് മുന്‍പ് പള്ളിത്തര്‍ക്കകേസില്‍ ഒരു വിഭാഗത്തിനുവേണ്ടി ഹാജരായിട്ടുണ്ടെന്ന യാക്കോബായി സഭാ വിശ്വാസിയായ ഹര്‍ജിക്കാരന്റെ വിമര്‍ശനം പരിഗണിച്ചായിരുന്നു ഈ ബെഞ്ചിന്റെ പിന്മാറ്റം.
ജസ്റ്റിസ് ചിദംബരേഷ് ഉള്‍പ്പെട്ട രണ്ടാമത്തെ ബെഞ്ചിനുനേര്‍ക്കും സമാന ആരോപണം ഉന്നയിച്ചതോടെ ഇവരും പിന്മാറി. ജസ്റ്റിസ് സി കെ ആബ്ദുള്‍ റഹീം ജസ്റ്റിസ് ടിവി അനില്‍ കുമാര്‍ എന്നിവരുള്‍പ്പെട്ട മൂന്നാമത്തെ ഡിവിഷന് ബെഞ്ചാകട്ടെ കാരണമൊന്നും പറയാതെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി. പിന്നാലെയാണ് നാലാമത്തെ ബെഞ്ചിന്റെയും പിന്മാറ്റം.
Discussion about this post