തൃശ്ശൂര്‍: മഹാപ്രളയത്തില്‍ നിന്ന് നാം കരയറി വരുന്നതെയൊള്ളൂ. പ്രളയദിനത്തിലെ നന്മകളും ഇന്നും മായാതെ തന്നെ നില്‍ക്കുന്നുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് തൃശ്ശൂര്‍ വലപ്പാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ വിശ്വാസികള്‍. തിരുനാളിനായി സ്വരൂപിച്ച പണം ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കി മൂന്നു കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കിയിരിക്കുകയാണ്.
വലപ്പാട് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തിലെ രണ്ടു ചെറിയ തിരുനാളുകളുടെ ചെലവുകള്‍ വെട്ടിചുരുക്കിയാണ് വീട് വെച്ചത്. പതിനഞ്ചു ലക്ഷം രൂപയാണ് പെരുനാളിനായി സ്വരൂപിച്ചത്. ഈ തുക ഉപയോഗിച്ച് രണ്ടു വീടുകള്‍ പണിതു. ഒരു വീടിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. പതിനെട്ടു ദേശങ്ങള്‍ ബാന്‍ഡ് സെറ്റ് ഒഴിവാക്കി. പ്രളയത്തില്‍ വീടു തകര്‍ന്ന് കണ്ണീരിലായ കുടുംബങ്ങള്‍ക്ക് ഈ സഹായം ആശ്വാസമായി.
പ്രളയ സമയത്ത് ചാലക്കുടി മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ വലപ്പാട് ബീച്ചിലെ മല്‍സ്യതൊഴിലാളികള്‍ക്കു സാമ്പത്തിക സഹായം നല്‍കിയിരുന്നു. തിരുനാള്‍ ആഘോഷത്തിന്റെ പേരിലുള്ള അത്യാഡംബര ആഘോഷങ്ങള്‍ മാറ്റിവയ്ക്കാന്‍ എല്ലാവരും ഒന്നിച്ചു തീരുമാനമെടുത്തതാണ് മാതൃകയായത്.