തമിഴകത്തിന്റെ സൂപ്പര്‍താരം വിജയ് സേതുപതി ആലപ്പുഴയില്‍ ഒരു തമിഴ് ചിത്രത്തിന്റെ ചിത്രീകരണത്തിനായി എത്തിയിരിക്കുകയാണ്. മക്കള്‍സെല്‍വന്‍ എന്നറിയപ്പെടുന്ന വിജയ് സേതുപതിക്ക് കേരളത്തില്‍ ഏറെ ആരാധകരാണുഉള്ളത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നുമാണ് തമിഴകത്തെ മികച്ച നടനായി വിജയ് സേതുപതി മിന്നിതിളങ്ങുന്നത്.
വിജയ് സേതുപതിയെ ഒരുനോക്ക് കാണുവാനും സ്നേഹചുംബനം മേടിക്കുവാനും സെല്‍ഫിയെടുക്കാനും ആരാധകരുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ആരാധാകരെ അതിരറ്റ് സ്നേഹിക്കാന്‍ മാത്രമല്ല കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും തനിക്ക് കഴിയുമെന്ന് മറ്റൊരു പ്രവര്‍ത്തിയോടെ വിജയ് സേതുപതി തെളിയിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ലൊക്കേഷനില്‍ പ്രായമായൊരു വൃദ്ധയും ഷൂട്ടിങ് കാണാന്‍ എത്തിയിരുന്നു. ആരാധകര്‍ക്കിടയില്‍ നിന്നും അമ്മൂമ്മയെ ശ്രദ്ധിച്ച സേതുപതി അവരുടെ അരികിലേയ്ക്ക് ചെന്നു. പ്രിയതാരത്തോട് എന്തോ പറയുവാന്‍ അവര്‍ വെമ്പുന്നുണ്ടായിരുന്നു. ചെവി അവരുടെ അരികിലേയ്ക്ക് ചേര്‍ത്തുവെച്ച സേതുപതി ആ സങ്കടം കേട്ടു.
‘മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനേ’ എന്നായിരുന്നു അമ്മൂമ്മ പറഞ്ഞത്. ഉടന്‍ തന്നെ തന്റെ സഹായികളോട് കയ്യിലുള്ള പണം തരന് ആവശ്യപ്പെട്ടു. ആരുടെയെങ്കിലും കൈയ്യില്‍ പേഴ്സ് ഉണ്ടോ എന്നായിരുന്നു ചോദ്യം. അവസാനം അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രാഹിമിന്റെ പേഴ്സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ ആ വൃദ്ധയ്ക്ക് നല്കി. വലിയ കയ്യടികളോടെയാണ് ആരാധകര്‍ മക്കള്‍ സെല്‍വന്റെ ഈ പ്രവര്‍ത്തിയെ വരവേറ്റത്.
Discussion about this post