തൃശൂര്‍: റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ പോയ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് റെയില്‍വെയുടെ അവഗണനയെന്ന് പരാതി. കുട്ടികളുടെ മടക്കയാത്രയാണ് ദുരിതത്തിലായത് ഒരു മാസം മുമ്പ് അധികൃതര്‍ ടിക്കറ്റെടുത്തെങ്കിലും മടക്കയാത്രയില്‍ ടിക്കറ്റനുസരിച്ചുള്ള ബോഗി ട്രെയിനില്‍ ഇല്ലെന്നായിരുന്നു റെയില്‍വേയുടെ വാദം.. ഒരു ദിവസം മുഴുവന്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കുട്ടികള്‍ക്കെല്ലാം ഒരുമിച്ചുള്ള സീറ്റ് നേടിയെടുക്കാന്‍ അധ്യാപകര്ക്കായത്.
സര്‍വശിക്ഷാഅഭിയാന്‍ പദ്ധതി പ്രകാരം തൃശ്ശൂരില്‍ നിന്ന് 10 വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരുമാണ് ഡല്‍ഹിക്ക് പോയത്. മടക്കയാത്രയ്ക്കുള്ള ടിക്കറ്റും കേരള എക്സ്പ്രസില്‍ നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നതാണ്. എന്നാല്‍ മടങ്ങിവരാന്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇവര്‍ക്ക് ലഭിച്ച ടിക്കറ്റ് അനുസരിച്ചുള്ള ബോഗി പോലും ട്രെയിനില്‍ ഇല്ലെന്ന് മനസ്സിലായത്. പല ബോഗികളിലായി യാത്ര ചെയ്ത കുട്ടികള്‍ക്ക് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒരു ബോഗിയില്‍ സീറ്റ് തരപ്പെടുത്തിയെടുക്കാന്‍ അധ്യാപകര്‍ക്ക് ആയത്.
Discussion about this post