അടിച്ച് പല്ലുതെറിപ്പിച്ചു, എന്നിട്ടും വിട്ടില്ല..! ഓട്ടോ കാശ് ചോദിച്ച് നല്‍കാതിരുന്ന പോലീസുകാരന് എട്ടിന്റെ പണികൊടുത്ത് ഡ്രൈവര്‍ ഗഡി

ബസുകളിലും ഓട്ടോറിക്ഷകളിലും യാത്രക്കൂലി നല്‍കാതെ യാത്ര ചെയ്യുന്നവര്‍ പോലീസ് സേനയ്ക്കു തന്നെ നാണക്കേടാണെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ജിഎച്ച് യതീശ്ചന്ദ്ര വിലയിരുത്തി

തൃശൂര്‍: ഓട്ടോറിക്ഷ ഡ്രൈവറായാല്‍ ഇങ്ങനെ വേണം. തൃശൂരിലെ ഡ്രൈവര്‍ ഗഡിമാര്‍ക്ക് മാതൃകയായി ആഘോഷ്. കഴിഞ്ഞ ദിവസം വടക്കേബസ് സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടം വിളിച്ചയാള്‍ രണ്ടു കിലോമീറ്റര്‍ പിന്നിട്ട് മുന്‍സിപ്പല്‍ റോഡില്‍ ഇറങ്ങി. എന്നാല്‍ ഇറങ്ങിയവശം യാതൊരു കൂസലുമില്ലാതെ മുന്നോട്ട് നടന്നു. ഡ്രൈവര്‍ പിന്നാലെ ചെന്ന് കാശുചോദിച്ചപ്പോള്‍ തുറിച്ച് നോക്കി അയാള്‍ പറഞ്ഞു ട്രാഫിക് സ്റ്റേഷനിലെ പോലീസുകാരനാണ്.

എന്നാല്‍ ഡ്രൈവര്‍ വിട്ടില്ല കാശുതരാന്‍ ആവശ്യപ്പെട്ടു. കാശു കൊടുത്ത് പോകാറില്ലെന്നായി പോലീസുകാരന്റെ വാദം. കാശു വേണമെന്ന് ഓട്ടോ ഡ്രൈവറും. തര്‍ക്കമൂത്ത് ഇരുവരും പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് പോയി. കണ്‍ട്രോള്‍ റൂമില്‍ ഇറങ്ങിയ ഉടനെ, പോലീസുകാരന്‍ ഡ്രൈവറെ മര്‍ദ്ദിച്ചു. മുഖത്താണ് മര്‍ദ്ദനമേറ്റത്. പല്ലിളകിയതിനാല്‍ ഓട്ടോ ഡ്രൈവര്‍ ചികില്‍സ തേടി. പിറ്റേന്നു രാവിലെ നേരെ തൃശൂര്‍ ഈസ്റ്റ് സിഐ. കെസി സേതുവിന് പരാതി നല്‍കി. ഡ്രൈവറുടെ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ സിഐ കേസെടുത്തു. ട്രാഫിക് സ്റ്റേഷനിലെ പോലീസുകാരന്‍ അഭിലാഷിനെതിരെയാണ് കേസ്.

അതേസമയം ബസുകളിലും ഓട്ടോറിക്ഷകളിലും യാത്രക്കൂലി നല്‍കാതെ യാത്ര ചെയ്യുന്നവര്‍ പോലീസ് സേനയ്ക്കു തന്നെ നാണക്കേടാണെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ജിഎച്ച് യതീശ്ചന്ദ്ര വിലയിരുത്തി. പുറമെ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടു. ഇനി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണഅടാകരുതെന്നും ഇതൊരു മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version