വെള്ളം കുടിക്കാന്‍ പ്രത്യേക ബെല്‍! ‘ വാട്ടര്‍ ബെല്‍’ പദ്ധതിയുമായി അധ്യാപകര്‍

വെള്ളം കുടിക്കാനായി മാത്രം പ്രത്യേക ഇടവേള നല്‍കുന്ന വാട്ടര്‍ ബെല്‍ പദ്ധതി സ്‌കൂളില്‍ നടപ്പാക്കുകയും ചെയ്തു.

തൃശ്ശൂര്‍: സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ വെള്ളം കുടിയ്ക്കുന്ന ശീലം വളര്‍ത്തിയെടുക്കാന്‍ ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുകയാണ് തൃശ്ശൂര്‍ പങ്ങാരപ്പള്ളി സെന്റ് ജോസഫ് യു പി സ്‌കൂളിലെ ഒരു കൂട്ടം അധ്യാപകര്‍.

വെള്ളം കുടിക്കാനായി മാത്രം പ്രത്യേക ഇടവേള നല്‍കുന്ന വാട്ടര്‍ ബെല്‍ പദ്ധതി സ്‌കൂളില്‍ നടപ്പാക്കുകയും ചെയ്തു. കുട്ടികള്‍ വീട്ടില്‍ നിന്ന് വരുമ്പോള്‍ രക്ഷിതാക്കള്‍ കുടിയ്ക്കാന്‍ സ്‌കൂളിലേക്ക് വെള്ളം കൊടുത്തു വിടും. എന്നാല്‍ പല കുട്ടികളും അത് കുടിക്കാറില്ല. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് മൂലം കുട്ടികള്‍ക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകാറുള്ളത്. ഈ സാഹചര്യത്തിലാണ് ബെല്ലടിച്ച് നിര്‍ബന്ധിച്ച് വെള്ളം കുടിപ്പിക്കാന്‍ പങ്ങാരപ്പള്ളി സെന്റ് ജോസഫ് യു പി സ്‌കൂളിലെ അധ്യാപകര്‍ തീരുമാനിച്ചത്.

ഇതിന് മുമ്പും സംസ്ഥാനത്തെ പല സ്‌കൂളുകളിലും വാട്ടര്‍ ബെല്‍ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ദിവസവും വെള്ളം കുടിക്കാനായി മാത്രം രണ്ടു തവണ ബെല്ലടിക്കും. ഇതു വഴി കുട്ടികളില്‍ വെള്ളം കുടിക്കുന്ന ശീലം കൂടിയിട്ടുണ്ടെന്നാണ് അധ്യാപകര്‍ വിലയിരുത്തുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വാട്ടര്‍ ബെല്‍ നടപ്പാക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.

ബോധവല്‍കരണം നടത്താന്‍ കുട്ടികളെ കൂടി ഉള്‍പ്പെടുത്തി ഷോര്‍ട്ട് ഫിലിമും ഒരുക്കി ഈ അധ്യാപക കൂട്ടായ്മ.

Exit mobile version