തിരുവനന്തപുരം: നാലര വര്‍ഷം മുമ്പ് ബൈക്കിനു പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ശരീരം തളര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ട തൊഴിലാളിക്ക് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയുമായി കോടതി. പലിശ ഉള്‍പ്പെടെ 2.63 കോടി രൂപയാണ് തിരുവനന്തപുരം മോട്ടോര്‍ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രിബ്യൂണല്‍ നഷ്ടപരിഹാരമായി വിധിച്ചത്. വേളിയിലെ ‘ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേസ് ‘ എന്ന സ്വകാര്യ സ്ഥാപനത്തിലെ സാങ്കേതിക വിഭാഗം ജീവനക്കാരനായിരുന്ന വെള്ളെക്കടവ് പാണാങ്കര ശോഭാ ഭവനില്‍ എന്‍എസ് ഹരികുമാര്‍ ട്രിബ്യൂണലില്‍ വഴുതക്കാട് നരേന്ദ്രന്‍ മുഖേന നല്‍കിയ കേസിലാണ് അനുകൂല വിധി.
2014 ജൂലൈ 20നു ഉച്ചയ്ക്ക് കവടിയാര്‍- വെള്ളയമ്പലം റോഡിലായിരുന്നു അപകടം.അപകടം നടക്കുമ്പോള്‍ ഹരികുമാറിന് 47 വയസായിരുന്നു. അപകടശേഷം കിടപ്പിലായ ഹരികുമാറിന് ഇപ്പോള്‍ കസേരയില്‍ ചാരി ഇരിക്കാന്‍ കഴിയുന്നുണ്ടെങ്കിലും സംസാരശേഷി ഉള്‍പ്പടെയുള്ള വൈകല്യങ്ങളില്‍ നിന്നും മോചിതനായിട്ടില്ല.
അതേസമയം, പരിക്കേറ്റ് മരണത്തിന്റെ കവാടത്തില്‍ നിന്നും തിരിച്ചെത്തിയ ഹരികുമാറിനെ ഒരമ്മ കുഞ്ഞിനെ നോക്കുന്നതുപോലെയാണ് ഈ നാലര വര്‍ഷക്കാലം ഭാര്യ ശോഭ പരിചരിച്ചത്. നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ലെങ്കിലും കടന്നു പോയ യാതനകള്‍ക്ക് അവസാനമാകില്ലെങഅകിലും ഈ നഷ്ടപരിഹാരത്തുക പിടിവള്ളിയാണ് കാരണം ഹരിയുടെ ചികില്‍സ നടത്താമല്ലോ? ശോഭയുടെ ആശ്വാസം അതുമാത്രമാണ്.
വേളി ഇംഗ്ലിഷ് ഇന്ത്യന്‍ ക്ലേയിലെ ജോലിക്കു പുറമെ ഐഎന്‍ടിയുസി യൂണിയന്‍ ജനറല്‍ സെക്രട്ടറിയും പാഴോട്ടുകോണം വാര്‍ഡ് പ്രസിഡന്റുമായിരുന്നു അന്ന് അപകടസമയത്ത് ഹരികുമാര്‍. അപകടത്തോടെ സംസാരശേഷി പൂര്‍ണമായും അന്യമായിരുന്നു. ഭക്ഷണം ആദ്യം മൂക്കിലൂടെ ട്യൂബ് ഇട്ടായിരുന്നു നല്‍കിയത്.അണുബാധ ഭയന്ന് പിന്നീട് വയറ്റില്‍ നിന്നു തന്നെ ട്യൂബിട്ടു. ചികില്‍സയുടെ തുടര്‍ച്ചയായി ഇന്‍സുലിന്‍ കുത്തിവയ്പു വേണ്ടിവന്നു.
കുത്തിവയ്പ് എടുക്കുന്നതും മൂത്രം പോകാനുള്ള ട്യൂബ് മാറ്റുന്നതുമൊക്കെ ശോഭ തന്നെയാണ്. ഇപ്പോള്‍ വായിലൂടെ ഭക്ഷണം കഴിക്കാമെന്നായിട്ടുണ്ട്. എഴുന്നേല്‍പ്പിച്ച് ഇരുത്തിയാല്‍ കസേരയില്‍ ചാരി ഇരിക്കാനാകും. മൂന്നു കൊല്ലംകൊണ്ടാണ്. ഇരിക്കാന്‍ കഴിയുന്ന സ്ഥിതിയിലേക്ക് വന്നത്. എന്തെങ്കിലും ആവശ്യം അറിയിക്കുന്നത് ആംഗ്യം കൊണ്ടാണ്. പറഞ്ഞാല്‍ കേട്ടിരിക്കും. ശോഭയുടെ അമ്മ സുശീലാമ്മയും ഹരികുമാറിനെ പരിചരിക്കാനായി ഇവര്‍ക്കൊപ്പം തന്നെയുണ്ട്. ”പാഴായത് രണ്ടു ജന്മങ്ങളാണ്.” ശോഭ പറഞ്ഞു. ”നഷ്ടം നഷ്ടം തന്നെയാണ്. പണം കൊണ്ട് ഒന്നും തിരികെകിട്ടില്ല. ചികിത്സയ്ക്കായി കമ്പനിയും പാര്‍ട്ടിയുമൊക്കെ സഹായിച്ചു. വീടിരിക്കുന്ന സ്ഥലം ഒഴികെ ബാക്കി വിറ്റു. ഒരാളെ സഹായത്തിനു നിര്‍ത്താന്‍ കഴിയില്ലായിരുന്നു. ഫിസിയോ തെറപ്പി ചെയ്യുന്നതു വരെ നിര്‍ത്തേണ്ടി വന്നു. പക്ഷേ പഴയ ഹരികുമാറായി വീണ്ടും ഭര്‍ത്താവിനെ കാണണം, അതിനു വേണ്ടിയാണ് പിടിച്ചു നിന്നത്. കാണാന്‍ കഴിയുമെന്നാണ് വിശ്വാസവും”. ശോഭയുടെ പറയുന്നതിങ്ങനെ. ചികിത്സയുടെയും സാമ്പത്തിക ഞെരുക്കങ്ങളുടെയും ഇടയിലും മക്കളുടെ പഠിപ്പു മുടക്കരുതെന്ന് ശോഭയ്ക്ക് നിര്‍ബന്ധമായിരുന്നു. രണ്ടാണ്‍ മക്കളാണ് ഇവര്‍ക്ക്. മൂത്തയാള്‍ അനന്തകൃഷ്ണന്‍ സ്‌കോളര്‍ഷിപ്പോടെ ജര്‍മ്മനിയില്‍ ബിബിഎയ്ക്ക് അഡ്മിഷന്‍ വാങ്ങിച്ചു. രണ്ടാമത്തെ മകന്‍ നന്ദകൃഷ്ണന്‍ പട്ടാളത്തില്‍ ചേര്‍ന്നു.
ഇതിനിടെ, സംസ്ഥാനത്തെ വാഹനാപകട കേസുകളില്‍ ഒരു തൊഴിലാളിക്ക് ഇതുവരെ വിധിക്കപ്പെട്ട ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരത്തുകയാണിത്. അപകടത്തില്‍പ്പെട്ട കാര്‍ ഇന്‍ഷ്വര്‍ ചെയ്തിരുന്ന ‘ഐസിഐസിഐ ലൊംബാര്‍ഡ്’ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി തുക ഒരു മാസത്തിനകം കോടതിയില്‍ കെട്ടിവയ്ക്കണമെന്നും വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നഷ്ടപരിഹാരമായി 1,99 കോടി രൂപയും കേസ് ഫയല്‍ ചെയ്ത 2015 മാര്‍ച്ച് 25 മുതല്‍ 8% പലിശയും കോര്‍ട്ട് ഫീസായി മൂന്നു ലക്ഷം രൂപയും കോടതി ചെലവായി 17 ലക്ഷം രൂപയും ഹര്‍ജിക്കാരന് നല്‍കാനാണ് ജഡ്ജി കെഇ സാലിഹിന്റെ വിധി.
Discussion about this post