കൊച്ചി; ഇടുക്കി മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി കര്‍ണാടക പോലീസ്. ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്നാണ് കര്‍ണാടക പോലീസിന്റെ വെളിപ്പെടുത്തല്‍. ഉടന്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും, കേരളം കാതോര്‍ത്ത സന്തോഷവാര്‍ത്ത അധികം വൈകില്ലെന്നും കേരളാ പോലീസ് വ്യക്തമാക്കിയെന്ന് മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരോധാനത്തിന് ഒരാണ്ടു പൂര്‍ത്തിയാകാന്‍ രണ്ടുമാസം ശേഷിക്കേയാണ് ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന നിര്‍ണായകസന്ദേശം കര്‍ണാടക പോലീസില്‍നിന്നു ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണ സംഘത്തിനു ലഭിച്ചത്. എന്നാല്‍, ജെസ്‌ന എവിടെയാണെന്ന സൂചനയ്ക്കു പിന്നാലെ പോകേണ്ടെന്നാണു പോലീസിന്റെ തീരുമാനം.
സംസ്ഥാനശ്രദ്ധയാകര്‍ഷിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് എസ്പി എ റഷീദിന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട്, കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരെയും ദൗത്യസേനയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ സംഘത്തിനാണു നിര്‍ണായക സൂചന ലഭിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 22-നു രാവിലെ 10.40-നാണ് കോട്ടയം ജില്ലയിലെ മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ കാണാതായത്. ‘അയാം ഗോയിങ് ടു ഡൈ’ എന്ന ജെസ്‌നയുടെ അവസാനസന്ദേശം തെറ്റിദ്ധാരണ സൃഷ്ടിക്കാനായിരുന്നെന്നും അജ്ഞാതവാസത്തിനു പിന്നില്‍ ചില സ്ഥാപനങ്ങള്‍ക്കു പങ്കുണ്ടെന്നും പോലീസ് കണ്ടെത്തി. തുടര്‍ന്നാണ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
Discussion about this post