പാപ്പിനിശ്ശേരി: സംസ്ഥാന മന്ത്രിസഭയില്‍ വ്യവസായവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഇപി ജയരാജന് വീട്ടിലെത്തിയാല്‍ കൈകാര്യം ചെയ്യുന്നത് കാര്‍ഷിക വകുപ്പാണെന്ന് പറയേണ്ടതായി വരും. കാരണം വീട്ടിലെ ഒരേക്കര്‍ പറമ്പില്‍ കൃഷി ചെയ്യുന്നത് അത്രമേല്‍ പച്ചക്കറികളാണ്. പാപ്പിനിശ്ശേരി അരോളിയിലെ പുരയിടം പച്ചക്കറികളും പാലും കൃഷിക്കാവശ്യമുള്ള ജൈവവളങ്ങളും നിറഞ്ഞ് കാര്‍ഷിക സമ്പന്നമാണ്. വീട്ടുപറമ്പിലെ ഒരേക്കറോളം സ്ഥലത്താണ് കൃഷി.
മത്തന്‍, ഇളവന്‍, വെള്ളരി, വെണ്ട, പടവലം, കക്കിരി, പാവയ്ക്കാ, ചീര, മുളക്, കാബേജ്, കോളിഫ്ളവര്‍, പയര്‍ തുടങ്ങി എല്ലാ പച്ചക്കറികളുമുണ്ട്. ഇതിനുപുറമേയാണ് നേന്ത്രന്, മൈസൂര്‍, പൂവന് തുടങ്ങിയ വാഴകളും സപ്പോട്ട, പേര, വിവിധയിനം മാവുകള്‍ തുടങ്ങിയവയും. മറ്റൊരു ഭാഗത്ത് പശുക്കളും ആടുകളും മേയുന്നു. നിത്യേന 75-80 ലിറ്റര്‍ വരെ പാല് തൊട്ടടുത്ത പാല് സൊസൈറ്റിക്ക് നല്‍കുന്നുണ്ട്.
കൃഷിക്കാവശ്യമായ വിത്ത്, വളം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം പാപ്പിനിശ്ശേരി കൃഷിഭവന് മുഖേനയാണ് നല്‍കിയത്. ഈ വര്‍ഷം എംഎല്‍എമാര്‍ക്ക് വീടുകളില്‍ മാതൃകാ ജൈവപച്ചക്കറി തോട്ടം ഒരുക്കാനുള്ള പദ്ധതിയും കൃഷിവകുപ്പ് ആവിഷ്കരിച്ചിരുന്നു. അതിന്റെ ഭാഗമായാണ് മന്ത്രിയുടെ വീട്ടിലെ കൃഷി. മന്ത്രിയുടെ ഭാര്യ പികെ ഇന്ദിരയാണ് കൃഷിയുടെ മേല്‍നോട്ടം വഹിക്കുന്നത്. വാക്കുകളിലൂടെ തന്നെ മാതൃക കൂടി ആവുകയാണ് മന്ത്രി ഇപി ജയരാജന്. 18 വര്‍ഷമായി കൃഷി നടത്തുന്നു. ഞായറാഴ്ച രാവിലെ മന്ത്രി ജയരാജന് വീട്ടുപറമ്പിലെ വിളവെടുപ്പ് നടത്തി.
Discussion about this post