കേന്ദ്രമന്ത്രിയെ തടഞ്ഞ യതീഷ് ചന്ദ്രയെ ഡല്‍ഹിക്ക് വിളിപ്പിക്കുമെന്ന് അന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിട്ട് എന്തായി? ഇപ്പോഴിതാ മോഡി നേരിട്ടെത്തി കൈകൊടുക്കുന്നു; സോഷ്യല്‍മീഡിയയില്‍ തരംഗമായി ഈ ചിത്രം

നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്പി, കേന്ദ്രമന്ത്രിയുടെ കൂടെയുള്ളവരുടെ സ്വകാര്യവാഹനം കടത്തിവിടാന്‍ കൂട്ടാക്കാതിരുന്നതായിരുന്നു തര്‍ക്കത്തിന് കാരണം

തൃശ്ശൂര്‍: ശബരിമലയില്‍ തന്നെ തടഞ്ഞ എസ്പി യതീഷ് ചന്ദ്രയുമായി കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണന്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത് നേരത്തെ വന്‍ വിവാദമായിരുന്നു. നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്പി, കേന്ദ്രമന്ത്രിയുടെ കൂടെയുള്ളവരുടെ സ്വകാര്യവാഹനം കടത്തിവിടാന്‍ കൂട്ടാക്കാതിരുന്നതായിരുന്നു തര്‍ക്കത്തിന് കാരണം. പിന്നാലെ, കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയ എസ്പിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തുകയും ചെയ്തിരുന്നു. കേന്ദ്രത്തിലേക്ക് യതീഷ് ചന്ദ്രയെ വിളിപ്പിക്കുമെന്നായിരുന്നു അന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്.

എന്നാല്‍, യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നു ഒരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല, മാസങ്ങള്‍ക്കിപ്പുറം ഇപ്പോള്‍ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി തൃശ്ശൂരില്‍ വെച്ച് സ്വീകരണത്തിനിടെ യതീഷ് ചന്ദ്രയ്ക്ക് കൈകൊടുക്കുകയും പുഞ്ചിരിച്ച് സംസാരിക്കുകയും ചെയ്തു. ഈ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

‘കേരളത്തിലെ ബിജെപി നേതാക്കന്‍മാര്‍ യതീഷ് ചന്ദ്ര ഐപിഎസ് കേന്ദ്രമന്ത്രിയെ തടഞ്ഞതിന് ഡല്‍ഹിക്ക് വിളിപ്പിക്കുമെന്ന് പറഞ്ഞിട്ട്, ഇപ്പോള്‍ കേന്ദ്രം തൃശൂര്‍ വന്ന് അദ്ദേഹത്തെ കണ്ടു’. എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

അന്ന് ശബരിമലയില്‍ കേന്ദ്രമന്ത്രിയെ തടഞ്ഞ യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് സ്ഥലംമാറ്റണമെന്നായിരുന്നു സംഭവത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.

Exit mobile version