കാസര്‍കോട് ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് മുങ്ങിമരിച്ചു

ഏറെനേരം അതേസമയം, ഏറെ നേരം മരത്തിന്റെ വേരില്‍ പിടിച്ചുകിടന്ന മകള്‍ പൗര്‍ണമി (11) തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

മൂലമറ്റം: ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛന്‍ മുങ്ങിമരിച്ചു. കാസര്‍കോട് റാണിപുരം സ്വദേശി പ്രദീപ് (41) ആണ് മുങ്ങി മരിച്ചത്. ഏറെനേരം അതേസമയം, ഏറെ നേരം മരത്തിന്റെ വേരില്‍ പിടിച്ചുകിടന്ന മകള്‍ പൗര്‍ണമി (11) തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

മൂലമറ്റത്തുള്ള ബന്ധുവീട്ടിലെത്തിയതായിരുന്നു പ്രദീപും കുടുംബവും. ശനിയാഴ്ച ഉച്ചയോടെ ഇവര്‍ ബന്ധുക്കളുമൊത്ത് മൂലമറ്റം ടെയില്‍റേസ് കനാലിലെ ഫോറസ്റ്റ് കടവ് എന്നറിയപ്പടുന്ന ഭാഗത്ത് കുളിക്കാനായെത്തി. മൂലമറ്റം പവര്‍ ഹൗസില്‍ നിന്നും വൈദ്യുതോല്‍പാദന ശേഷം വെള്ളമൊഴുക്കി വിടുന്ന കനാലാണിത്. ശക്തമായ ഒഴുക്കുള്ള കനാലിന്റെ മധ്യഭാഗത്തേക്ക് അബദ്ധത്തിലെത്തിയ പെണ്‍കുട്ടി ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഇത് കണ്ട പിതാവ് പ്രദീപ്, മകളെ രക്ഷിക്കുന്നതിനായി കനാലിലേക്കു ചാടി. താഴേക്കൊഴുകിയ കുട്ടിയെ ഉയര്‍ത്തി തോളിലേറ്റിയെങ്കിലും ഇരുവശവും മുപ്പത് അടിയിലേറെ ഉയരമുള്ള കോണ്‍ക്രീറ്റ് കട്ടിങ്ങായതിനാല്‍ കരയ്ക്കു കയറാനായില്ല. ഇതോടെ ബന്ധുക്കള്‍ സമീപത്തെ ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചു. അപകടമറിഞ്ഞ മൂലമറ്റം അഗ്നിരക്ഷാസേനയും ഉടന്‍ സ്ഥലത്തെത്തി. ശക്തമായ ഒഴുക്കുള്ളതിനാല്‍ അഗ്നിരക്ഷാ സേനയ്ക്കും കനാലിലിറങ്ങാനായില്ല. കോണ്‍ക്രീറ്റ് കട്ടിങ്ങിന് മുകളില്‍നിന്ന് സേനാംഗങ്ങള്‍ ഇട്ടുകൊടുത്ത കയറില്‍ പിടിക്കാന്‍ ഇരുവരും ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഇതിനിടെ പെണ്‍കുട്ടിക്ക് കാനാലിലേക്ക് വളര്‍ന്നിറങ്ങിയ മരത്തിന്റെ വേരില്‍ പിടിക്കാനായി. ഏറെ നേരം മരത്തിന്റെ വേരില്‍നിന്ന് പിടിവിടാതെ കിടന്ന കുട്ടിയെ മൂലമറ്റം അഗ്നിരക്ഷാസേനയിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ അസീസ്, ഫോറസ്റ്റ് ഓഫീസിലെ ശ്രീകുമാര്‍, നാട്ടുകാരനായ രഞ്ചിത്ത് എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.

ഏറെ ദൂരം വെള്ളത്തിനടിയിലൂടെ ഒഴുകിയ പ്രദീപ് കനാലെത്തിച്ചേരുന്ന
എകെജിയിലെ ത്രിവേണി സംഗമത്തിലെ ചുഴിയിലാണെത്തിയത്. കാത്തുനിന്ന അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ഇയാളെ കരയ്ക്കുകയറ്റി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Exit mobile version