കോഴിക്കോട്: കണ്ണൂര്‍ വിമാനത്താവളത്തിന് അനുവദിച്ചത് പോലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇന്ധന നികുതി ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക്. പാര്‍ലമെന്റിലും, നിയമസഭയിലും പ്രശ്നം ഉന്നയിക്കുമെന്ന് വിമാനത്താവള ഉപദേശക സമിതി ചെയര്മാന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സര്‍ക്കാര്‍ അനുവദിച്ച ഇന്ധന നികുതി ഇളവ് കരിപ്പൂരില്‍ നേടിയെടുക്കാന്‍ ശക്തമായ പ്രക്ഷോപവുമായി യുഡിഎഫ് മുന്നോട്ടു പോകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. നിയമസഭക്കകത്തും, പുറത്തും പ്രതിഷേധം നടത്താന്‍ ജനപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചു. കുഞ്ഞാലിക്കുട്ടി ചെയര്‍മാനായി രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലായിരിക്കും സമരം നയിക്കുക.
കരിപ്പൂര്‍ വിമാനത്താവളത്തിന് മുന്നില്‍ അടുത്ത മാസം 9ന് സത്യാഗ്രഹ സമരം സംഘടിപ്പിക്കും. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷ്യതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്ധന നികുതി ഇളവിനായി ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. നികുതി ഇളവ് അനുവദിക്കുന്നത് വരെ സമരം തുടരാണ് യുഡിഎഫിന്റെ തീരുമാനം.
Discussion about this post