പത്തനംതിട്ട: ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ മാത്രം സ്വത്താണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില്‍ പ്രതികരണം പിന്നെയെന്ന് പന്തളം രാജകുടുംബാഗം ശശികുമാര വര്‍മ്മ.
ക്ഷേത്രത്തില്‍ പന്തളം രാജകുടുംബത്തിന് അവകാശമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില്‍ നീരസം രേഖപ്പെടുത്തുകയായിരുന്നു വര്‍മ്മ. തന്ത്രി കുടുംബവുമായി ആലോചിച്ചിട്ട് മുഖ്യമന്ത്രിക്കുള്ള മറുപടി നല്‍കുമെന്നും ഇപ്പോള്‍ അതിനെ കുറിച്ച് മറ്റൊന്നും പറയുന്നില്ലെന്നുമായിരുന്നു ശരികുമാര വര്‍മ്മയുടെ പ്രതികരണം.
എന്ത് മാത്രം പ്രകോപനങ്ങളും പ്രശ്‌നങ്ങളും ശബരിമലയില്‍ ഉണ്ടാക്കി. ഭരണ സംവിധാനങ്ങളെ ഉപയോഗിച്ച് ചില പ്രത്യേക ഗ്രൂപ്പുകളെ ഇറക്കിയിട്ട് പോലും ഒരു ഭക്തയെ ശബരിമലയ്ക്ക് എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.
കോടാനുകോടി ഭക്തരുടെ മനസിന്റെ വിങ്ങളും പ്രാര്‍ത്ഥനയും ഫലിച്ചു. ഒരു ഭക്ത പോലും അവിടേക്ക് വന്നില്ല. ചിലര്‍ എത്തിച്ച ഗ്രൂപ്പുകളാണ് വന്നത്. ഭക്തര്‍ അത്രയേറെ മനംനൊന്ത് പ്രാര്‍ത്ഥിച്ചിരുന്നു അതുകൊണ്ടാണ് 10 നും 50 നും ഇടയില്‍ പ്രായമുള്ള ഒരു യുവതിയെ പോലും അവിടെ സര്‍ക്കാരിന് എത്തിക്കാന്‍ കഴിയാതിരുന്നതെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.
ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണെന്നും അതില്‍ മറ്റൊരാള്‍ക്കും അവകാശമില്ലെന്നും പിണറായി പറഞ്ഞിരുന്നു.
1949 ല്‍ കരാര്‍ ഉണ്ടാക്കുമ്പോള്‍ തിരുവിതാംകൂര്‍ രാജാവും കൊച്ചി രാജാവും കേന്ദ്രത്തെ പ്രതിനിധീകരിച്ച് വിപി മേനോനുമായിരുന്നു ഉണ്ടായിരുന്നത്.
രണ്ട് കാര്യങ്ങളാണ് ആ കരാറില്‍ ഉണ്ടായിരുന്നത്. തിരുവിതാംകൂറും കൊച്ചിയും ലയിച്ച് ഒന്നാവുന്ന കാര്യവും മറ്റൊന്ന് തിരുവിതാംകൂറിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലും കൊച്ചിയിലേത് കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴില്‍ കൊണ്ടുവരാനുള്ള തീരുമാനവുമായിരുന്നു.
ഇതില്‍ പന്തളം രാജകുടുംബം കക്ഷിയായിരുന്നില്ല. കാരണം തിരുവിതാംകൂറിന് നേരത്തെ തന്നെ പന്തളം രാജ്യവും രാജ്യാധികാരവും അടിയറവ് വെച്ചിരുന്നു. പന്തളം രാജ്യവും എല്ലാ വിധ ആദായങ്ങളും ശബരിമല ക്ഷേത്രത്തിലെ നട വരവ് സഹിതം തിരുവിതാംകൂറിന് വിട്ടുകൊടുത്തിരുന്നു.
അങ്ങനെ പരിശോധിച്ചാല്‍ ഇത്തരം അധികാരങ്ങള്‍ പണ്ടുമുതല്‍ തന്നെ ഇല്ലാതായതായി കാണാന്‍ കഴിയുമെന്നായിരുന്നു പിണറായിയുടെ പ്രസ്താവന.