സംസ്ഥാനം നവോത്ഥാന പാതയില്‍ കുതിയ്ക്കുമ്പോള്‍ കാസര്‍കോട് ഭള്ളൂര്‍ ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും വ്യത്യസ്ത പന്തി! അറുത്ത് മാറ്റാനാകാതെ ദുരാചാരങ്ങള്‍

പൊതു-സ്വകാര്യ ചടങ്ങുകളില്‍ ഇത് സ്ഥിരം കാഴ്ചയാണ്.

കാസര്‍കോട്: സംസ്ഥാനം നവോത്ഥാന പാതയില്‍ കുതിയ്ക്കുമ്പോള്‍ കാസര്‍കോട് വീണ്ടും ദുരാചാരങ്ങള്‍ക്ക് പിന്നാലെയെന്ന് പുതിയ റിപ്പോര്‍ട്ട്. കാസര്‍കോട്ടെ ഭള്ളൂര്‍ ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും വ്യത്യസ്ത പന്തി ഒരുക്കിയിരിക്കുകയാണ്. സംഭവം ഇതിനോടകം തന്നെ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. പന്തിഭോജനത്തിന്റെ നൂറാം വര്‍ഷത്തിലാണ് സംസ്ഥാനത്ത് വീണ്ടും പന്തി വിവേചനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പൊതു-സ്വകാര്യ ചടങ്ങുകളില്‍ ഇത് സ്ഥിരം കാഴ്ചയാണ്. ഭക്ഷണത്തിനായി വിളമ്പുന്ന വിഭവങ്ങളിലും വിവേചനം നിലനില്‍ക്കുന്നുണ്ടെന്നത് സംസ്ഥാനത്തിന് തന്നെ മാനക്കേട് ആവുകയാണ്. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഭള്ളൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഉത്സവം നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇവിടെ ദിവസവും ഉച്ചയ്ക്ക് നല്‍കുന്ന സദ്യയില്‍ രണ്ട് പന്തലുകളിലായാണ് ഭക്ഷണവിതരണം.

ചുറ്റമ്പലത്തിന് തൊട്ടുപിറകിലും ക്ഷേത്രപരിസരത്തില്‍ നിന്ന് മാറിയുമാണ് ഭക്ഷണപന്തല്‍ ക്രമീകരിച്ചിരിക്കുന്നത്. ചുറ്റമ്പലത്തിന് സമീപമുള്ള ഭക്ഷണപന്തലില്‍ ബ്രാഹ്മണര്‍ക്ക് മാത്രമെ പ്രവേശനമുള്ളൂ. ക്ഷേത്രത്തില്‍ നിന്ന് മാറിയാണ് മറ്റുള്ളവര്‍ക്കുള്ള ഭക്ഷണം. ഉത്സവാഘോഷങ്ങളില്‍ ബ്രാഹ്മണര്‍ കഴിച്ചാല്‍ മാത്രമെ പുറത്തുനിന്നുള്ളവര്‍ക്ക് കഴിക്കാന്‍ പറ്റൂവെന്നും കല്യാണമടക്കമുള്ള ചടങ്ങുകളിലും ഇതാണ് അവസ്ഥയെന്നും നാട്ടുകാര്‍ പറയുന്നു. പ്രതിഷേധിച്ചാല്‍ ഒറ്റപ്പെട്ടുപോകുമെന്നാണ് അവസ്ഥയെന്നും നാട്ടുകാര്‍ പറയുന്നു.

Exit mobile version