മലപ്പുറം; കാമുകിയുടെ ഭര്‍ത്താവായ മത്സ്യ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബഷീര്‍ പോലീസില്‍ കീഴടങ്ങിയത് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍. അഞ്ചുടിയില്‍ സാവദിനെ കൊന്ന ശേഷം ഷാര്‍ജയിലേയ്ക്ക് കടന്നു കളഞ്ഞ ബഷീര്‍ ഇന്നലെ രാവിലെ താനൂര്‍ പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു.
കൊലപാതക വിവരവും പ്രതിയെക്കുറിച്ചുള്ള വിവരങ്ങളും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ പ്രചരിച്ചതോടെ വിദേശത്ത് നില്‍ക്കാനാവാതെ, ചെന്നൈ വിമാനത്താവളത്തിലെത്തിയ ബഷീര്‍ അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം തിരൂരിലേയ്ക്കും പിന്നീട് ടാക്സി വിളിച്ച് താനൂര്‍ സ്റ്റേഷനിലേയ്ക്കുമെത്തുകയായിരുന്നു.
ക്ലീന്‍ ഷേവില്‍ രാവിലെ പോലീസ് സ്റ്റേഷനില്‍ കയറിവന്ന ബഷീറിനെ ഒറ്റനോട്ടത്തില്‍ പോലീസിനു മനസ്സിലായില്ല. ‘ഞാന്‍ ബഷീറാണ്, സവാദിനെ കൊന്ന…’ എന്നു സ്വയം പരിചയപ്പെടുത്തിയപ്പോഴാണ് പോലീസിന് ആളെ പിടികിട്ടിയത്. ഒട്ടും പരിഭ്രമമില്ലാതെയായിരുന്നു വരവ്.
മാധ്യമസംഘത്തിനു മുന്നിലും പതറാതെ ബഷീര്‍ സംഭവങ്ങള്‍ വിവരിച്ചു. ഭക്ഷണത്തിലെ രുചിവ്യത്യാസം സവാദ് തിരിച്ചറിഞ്ഞതോടെ വിഷം നല്‍കി കൊല്ലാനുള്ള ശ്രമം പാളി. പിന്നീടാണ് ആക്രമണത്തിന് തീരുമാനിച്ചത്. കൊല നടത്താന്‍ ദുബായില്‍നിന്ന് മംഗളൂരുവില്‍ എത്തി അവിടെനിന്ന് കാര്‍ വാടകയ്ക്കെടുത്താണ് നാട്ടിലെത്തിയത്. ബഷീര്‍ കീഴടങ്ങിയതറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയത്.
പ്രതിയെ വൈദ്യ പരിശോധനയ്ക്കും തെളിവെടുപ്പിനും കൊണ്ടുപോകാന്‍ പോലും പോലീസ് ഏറെ ബുദ്ധിമുട്ടി. സവാദ് താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ ഇന്നലെ പോലീസ് നടത്തിയ പരിശോധനയില്‍ ഉറക്കഗുളികകള്‍ കണ്ടെടുത്തു. സവാദിന്റെ ഭാര്യയും ബഷീറിന് സവാദിന്റെ വീട്ടിലെത്താന്‍ വാഹനം ഏര്‍പ്പെടുത്തി കൊടുത്ത സൂഫിയാനും നേരത്തെ അറസ്റ്റിലായിരുന്നു. ഇക്കഴിഞ്ഞ വ്യാഴായ്ച പുലര്‍ച്ചെ ഒന്നരക്കാണ് സവാദ് തലക്കടിയേറ്റ് കൊല്ലപ്പെട്ടത്.