മലപ്പുറം; എസ്ബിഐ എടിഎമ്മില്‍ നിന്നും നഷ്ടമായ പണം ബാങ്കിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി തിരിച്ചുവാങ്ങി. കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ ഭവന് ജോയിന്റ് രജിസ്ട്രാര്‍ എംകെ പ്രമോദാണ് നഷ്ടപ്പെട്ട പണം തിരികെ കിട്ടാന്‍ സമരം ചെയ്തത്.
ഇക്കഴിഞ്ഞ ചൊവ്വഴ്ചയാണ് സംഭവം. കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ ഭവന് ജോയിന്റ് രജിസ്ട്രാര്‍ എംകെ പ്രമോദ് തേഞ്ഞിപ്പലത്തെ എസ്ബിഐ എടിഎമ്മില്‍ നിന്ന് മുപ്പതിനായിരം രൂപ പിന്‍വലിച്ചത്. സര്‍വകലാശാലയിലെ എസ്ബിഐ ശാഖയിലെത്തി പാസ്ബുക്കില്‍ പണമിടപാടു രേഖപ്പെടുത്തുമ്പോഴാണ് പിന്‍വലിച്ച അത്ര തുക വീണ്ടും നഷ്ടമായതായി മനസിലായത്.
തുടര്‍ന്ന് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ സാങ്കേതിക പ്രശ്നം കാരണമാകാം പണം നഷ്ടമായതെന്നായിരുന്നു വിശദീകരണം. അടുത്ത ദിവസം തന്നെ പണം തിരികെ അക്കൗണ്ടില്‍ എത്തുമെന്നും അധികൃതര്‍ അറിയിച്ചു. രണ്ടു ദിവസം കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതായതോടെയാണ് ബാങ്കിനു മുന്നില്‍ കുത്തിയിരിപ്പു സമരം ആരംഭിച്ചത്.
പ്രതിഷേധം കനത്തപ്പോള്‍ സര്‍വകലാശാലയിലെ ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടു. നിമിഷങ്ങള്‍ക്കകം ബാങ്ക് അധികൃതര്‍ പണം റീഫണ്ട് ചെയ്തു പ്രശ്നം പരിഹരിക്കുകയായിരുന്നു.
Discussion about this post