കൊച്ചി: മുനമ്പത്തേത് മനുഷ്യക്കടത്തല്ലെന്നും അനധികൃത കുടിയേറ്റമാണെന്നും പോലീസ്. ശ്രീലങ്കന്‍ സ്വദേശിയായ ശ്രീകാന്തനാണ് മുഖ്യപ്രതിയെന്നും ഇയാളുടെ എല്‍ടിടിഇ ബന്ധം പരിശോധിക്കുന്നുണ്ടെന്നും ഐജി വിജയ് സാഖറെ പറഞ്ഞു.
ശ്രീകാന്തന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ അഞ്ച് ശ്രീലങ്കന്‍ പാസ്പോര്‍ട്ടുകളും മറ്റു രേഖകളും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ അഞ്ച് പ്രധാനപ്രതികളുണ്ടെന്നും ഐജി കൂട്ടിച്ചേര്‍ത്തു. ഇവരില്‍ ഒരാള്‍ ഇന്ത്യയില്‍ തന്നെയുണ്ട്. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
മുനമ്പത്തുനിന്ന് പോയവരില്‍ ഭൂരിഭാഗം പേരും ശ്രീലങ്കന്‍ ബന്ധമുള്ളവരാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍നിന്നും തമിഴ്നാട്ടില്‍ നിന്നുമാണ് ഇവര്‍ എത്തിയത്. തുടര്‍ന്ന് പന്ത്രണ്ടാം തീയതി രാവിലെ മുനമ്പത്തുനിന്ന് യാത്ര തിരിക്കുകയായിരുന്നു. നൂറോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്.
ഓസ്ട്രേലിയയിലേക്ക് കയറ്റിവിട്ടവരില്‍ നവജാതശിശുവടക്കം 22 കുട്ടികള്‍ ഉണ്ടായിരുന്നു. ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കി യാത്ര തിരിച്ചവര്‍ ഇപ്പോള്‍ എവിടെ എത്തി എന്നത് സംബന്ധിച്ച് അന്വേഷണസംഘത്തിന് ഇനിയും ധാരണയില്ല. യാത്രസംഘത്തിലുള്ളവരുടെ വിശദമായ പട്ടികയും പോലീസ് തയ്യാറാക്കിയിരുന്നു.
Discussion about this post