കൊച്ചി: ദിലീപിന്റെ രാജിക്കത്തിലെ കാര്യങ്ങള്‍ പുറത്ത്. താരസംഘടനയായ എഎംഎംഎ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജിവെച്ചതെന്ന് നടന്‍ ദിലീപ് കത്തില്‍ പറയുന്നു. വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിനാണ് രാജിയെന്നും തന്റെ പേര് പറഞ്ഞ് സംഘടനയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായും രാജിക്കത്തില്‍ ദിലീപ് ആരോപിക്കുന്നു.
അതേസമയം എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന പൊളിയുകയാണ്. സംഘടന ആവശ്യപ്പെട്ടതിനാലാണ് രാജി എന്നായിരുന്നു മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. ദിലീപിനെ താന്‍ വിളിച്ചിരുന്നതായും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
നേരത്തെ ദിലീപ് സ്വമേധയാ രാജിക്കത്തു നല്‍കിയിട്ടുണ്ടെന്ന് സിദ്ദിഖ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ തനിക്ക് നേരിട്ട് അനുഭവമുള്ള കാര്യമാണ് താന്‍ പറഞ്ഞതെന്നും ദിലീപ് ഇങ്ങോട്ടു വിളിച്ച് രാജിക്കാര്യം അറിയിച്ചതാണെന്ന സിദ്ദിഖിന്റെ വാദത്തെക്കുറിച്ച് അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.
ഇത് തന്റെ രാജിക്കത്തായി പരിഗണിക്കണമെന്നും തന്റെ നിരപരാധിത്വം തെളിയിക്കുന്നതുവരെ ഒരു സംഘടനയുടെയും ഭാഗമായി പ്രവര്‍ത്തിക്കില്ലെന്നുമാണ് ദിലീപ് കത്തില്‍പറയുന്നത്.
എഎംഎംഎയ്‌ക്കെതിരെ ദിലീപിന്റെ പരോക്ഷവിമര്‍ശനം
കത്തില്‍ എഎംഎംഎയ്‌ക്കെതിരെ ദിലീപ് പരോക്ഷമായി വിമര്‍ശനമുന്നയിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി താന്‍ വേട്ടയാടപ്പെടുകയാണ്. താന്‍ ഏറ്റവും ബഹുമാനിക്കുന്ന സംഘടനയില്‍ നിന്നും തന്നെ പുറത്താക്കി. പിന്നീട് ജനറല്‍ ബോഡി ചേര്‍ന്ന് ആ തീരുമാനം മരവിപ്പിച്ചു. മാധ്യമങ്ങളിലൂടെയാണ് താന്‍ ഇക്കാര്യം അറിഞ്ഞത്. എഎംഎംഎയില്‍ അംഗമായിട്ടും തന്നെ ഇക്കാര്യം നേരിട്ട് അറിയിച്ചില്ലെന്നാണ് ദിലീപ് ആരോപിക്കുന്നത്.
Discussion about this post