തൃശ്ശൂര്‍: സംവിധായകന്‍ പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. വല്ലച്ചിറ സ്വദേശി സരോവറിനെയാണ് പോലീസ് പിടികൂടിയത്. കൊടുങ്ങലൂരില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം.
പ്രിയനന്ദനന്റെ തൃശ്ശൂര്‍ വല്ലച്ചിറയിലെ വീടിന് മുന്നില്‍ വച്ച് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ഒരു സംഘം ആക്രമിച്ചതും ദേഹത്ത് ചാണകവെള്ളം തളിച്ചതും. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നും മര്‍ദിച്ചെന്നും വീടിന് മുന്നില്‍ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദനന്‍ പിന്നീട് പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദങ്ങള്‍ക്ക് കാരണമായത്. പ്രിയനന്ദനന്‍ മോശം ഭാഷ ഉപയോഗിച്ചെന്ന ആരോപണങ്ങളും ശക്തമായിരുന്നു. തുടര്‍ന്ന് താനുപയോഗിച്ച ഭാഷ കടുത്തുപോയെന്നും പോസ്റ്റ് പിന്‍വലിക്കുകയാണെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അധിക്ഷേപങ്ങളും ആക്രമണഭീഷണികളും തുടര്‍ന്നു. തന്നെ പുറത്തിറങ്ങാന്‍ സമ്മതിക്കില്ലെന്ന് ചില ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നതായി പ്രിയനന്ദന്‍ ആരോപിച്ചിരുന്നു.
Discussion about this post