പാലക്കാട്: തുറിച്ച് നോട്ടം, സ്പര്‍ശനം, പീഡനം കടന്നു പിടിക്കല്‍, ആസിഡ് ആക്രമണം ഇങ്ങനെ നീളം സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍. പറഞ്ഞാലും എണ്ണിയാലും തീരില്ല ആക്രമണങ്ങളുടെ നിര. ഇവിയെ പോരാടാനും ചെറുത്തു തോല്‍പ്പിക്കാനും സജ്ജരാക്കുകയാണ് പൂക്കോട്ടു കാവിലെ കൂട്ടായ്മ. ഇവര്‍ ഏത് ആക്രമണത്തെയും ചെറുക്കും. അത്രമേല്‍ പരിശീനം നേടി കഴിഞ്ഞു ഇവിടുത്തെ സ്ത്രീ ജനങ്ങള്‍.
പൂക്കോട്ടുകാവ് പഞ്ചായത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ സ്ത്രീ സുരക്ഷാ പദ്ധതിയിലൂടെ എല്ലാതരം അക്രമവും സധൈര്യം നേരിടാന്‍ സ്ത്രീകളെ സജ്ജരാക്കുകയാണ് ഇവിടെ. അടിയും തടയും ചുവടും പഠിച്ച് സമ്പൂര്‍ണ്ണ സ്വയം പ്രതിരോധ പരിശീലനം നേടാന്‍ ഒരുങ്ങുകയാണ് ഇവിടുത്തെ പെണ്ണുങ്ങള്. സ്ത്രീകള്‍ക്കു നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സജ്ജരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്ത്രീ സുരക്ഷാ സ്വയംപ്രതിരോധ പരിശീലന പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.
സമ്പൂര്‍ണ സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൈലറ്റ് പ്രൊജക്ടായാണ് പൂക്കോട്ടുകാവിനെ തെരഞ്ഞെടുത്തത്. ‘അപമാനം സഹിച്ച് അഭിമാനം സംരക്ഷിക്കേണ്ട ആവശ്യം പെണ്ണിനില്ല’ എന്ന സന്ദേശവുമായാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കി വരുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 10 മുതല്‍ 70 വരെ പ്രായമുള്ള എല്ലാ സ്ത്രീകള്‍ക്കും 18 മണിക്കൂര്‍ വരെ പരിശീലനം നല്‍കും. ആക്രമണമുണ്ടാകുമ്പോള്‍ പ്രതിരോധിക്കേണ്ട മാര്‍ഗങ്ങളും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളും പരിചയപ്പെടുത്തും.
എല്ലാ വാര്‍ഡിലെയും സ്ത്രീകള്‍ക്കുള്ള പരിശീലനം ഫെബ്രുവരി 23നകം പൂര്‍ത്തിയാക്കും. ഒരു വാര്‍ഡിന് മൂന്നു ദിവസമാണ് അനുവദിച്ചത്. നിശ്ചയദിവസം പരിശീലനക്ലാസില്‍ പങ്കെടുക്കാനാവാത്തവര്‍ക്ക് മറ്റുവാര്‍ഡുകളില്‍ നടക്കുന്ന ക്ലാസില്‍ പങ്കെടുക്കാം. പരിശീലനം നേടിയ 10 വനിതാ പോലീസുകാരുടെ നേതൃത്വത്തിലാവും പരിശീലനം. കുടുംബശ്രീയുടെ 135 യൂണിറ്റുകള്‍ വഴിയാണ് വനിതകളെ സംഘടിപ്പിക്കുക. തുല്യനീതിയും സൗഹൃദവും പുലരാനും സ്ത്രീക്ക് കൂടുതല്‍ സ്വതന്ത്രയാകാനും കഴിയുന്നതാണ് പദ്ധതിയെന്ന് പൂക്കോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ ജയദേവന് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഭാഗമായി ബുധനാഴ്ച മുതല്‍ വനിതകള്‍ക്ക് പരിശീലന ക്ലാസ് ആരംഭിച്ചു.
Discussion about this post