കോട്ടയം: നഴ്സ് ആന്‍ലിയ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തനിക്കും കുടുംബത്തിനുമെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വിശദീകരണവുമായി ഭര്‍ത്താവ് ജസ്റ്റിന് രംഗത്ത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറയുന്ന ഭാര്യാപിതാവ് തനിക്കും കുടുംബത്തിനുമെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞു.
ജസ്റ്റിന്റെ വിശദീകരണം ഇങ്ങനെ…
2016 ഡിസംബര്‍ ഇരുപത്താറിനാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. ഇപ്പോള്‍ ഒരു വയസുള്ള ആണ്‍കുട്ടിയും ഉണ്ട്. കുട്ടി ഇപ്പോള്‍ എന്റെ കൂടെ വീട്ടിലാണ്. ആന്‍ലിയയുടെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് എനിക്കെതിരെ ഉയര്‍ത്തുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആണ്.
മകളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദനയും അതുവഴി ഉണ്ടായ സമ്മര്‍ദ്ദവും കൊണ്ടാണ് അവര്‍ എന്നെ കുറ്റക്കാരനാക്കുന്നതെന്നാണ് ആദ്യം ഞാന്‍ വിചാരിച്ചിരുന്നത്. ആരോപണങ്ങള്‍ തുടരുകയും എനിക്കും എന്റെ കുടുംബത്തിനും ഇത് ഭാരമാവുകയും ചെയ്തതിനാലാണ് ഇങ്ങനെയൊരു വിശദീകരണത്തിന് ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നത് ജെസ്റ്റിന് പറയുന്നു.
കോടതി വഴി നീതി ലഭിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും. എന്നാല്‍ എനിക്കും കുഞ്ഞിനും വീട്ടുകാര്‍ക്കുമൊക്കെ ഇവിടെ ജീവിക്കണ്ടതല്ലേ. ആന്‍ലിയയുടെ സ്വര്‍ണം ചോദിച്ച് ഞാന്‍ പീഡിപ്പിച്ചു എന്നതാണ് പ്രധാന ആരോപണം. വിവാഹത്തിന് രണ്ട് ദിവസങ്ങള്‍ക്കുശേഷം ബാങ്കിലെ ലോക്കറില്‍ വച്ച സ്വര്‍ണം ഇതുവരെ അവിടെ നിന്ന് ഞാന്‍ എടുത്തിട്ടില്ല. ലോക്കര്‍ തുറന്നിട്ടുപോലുമില്ല എന്നതാണ് സത്യം. ആന്‍ലിയയ്ക്ക് അലമാര വാങ്ങുന്നതിനായി അവളുടെ പപ്പ തന്ന 30,000 രൂപയാണ് ഞങ്ങള്‍ തമ്മില്‍ ആകെയുണ്ടായിട്ടുള്ള പണമിടപാട്. ഇതിനെല്ലാം വ്യക്തമായ തെളിവുകളും എന്റെ കൈവശമുണ്ട്.
കാണാതായ ദിവസം ആന്‍ലിയ വിളിച്ച്, ഞാന്‍ പോവുകയാണ്, ഇനി അന്വേഷിക്കരുത്, കുഞ്ഞിനെ നോക്കണം എന്നെല്ലാം പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. തിരിച്ചുവിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. പിന്നീടാണ് പോലീസില്‍ പരാതി നല്‍കിയത്. പഠിക്കാനും പാട്ടുപാടാനുമൊക്കെ മിടുക്കിയായിരുന്നു അവള്. എന്നാല്‍ ആന്‍ലിയയില്‍, വിവാഹത്തിന് കുറച്ച് നാളുകള്‍ക്കുശേഷം ചെറിയ മാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ദേഷ്യവും വാശിയുമൊക്കെ സ്വാഭാവിക മാറ്റമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്.
ഒരു വര്‍ഷം മുമ്പ്് തന്നെ ആന്‍ലിയയുടെ ചില ഡയറിക്കുറിപ്പുകള്‍ ഞാനും എന്റെ പപ്പയും കണ്ടിരുന്നു. അതില്‍ പലതും ആത്മഹത്യയെക്കുറിച്ചുള്ളതായിരുന്നു. അത് ആന്‍ലിയയുടെ പപ്പയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴും അതൊക്കെ അവളുടെ കുട്ടിക്കളിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഡയറി എഴുതുന്ന ആളാണെങ്കില്‍ വിവാഹത്തിനും മുമ്പും എഴുതിക്കാണില്ലേ. അതൊന്നും പക്ഷേ അവര്‍ കാണിക്കുന്നുമില്ല.
ഞാന്‍ ആന്‍ലിയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്നാണ് അവരുടെ മറ്റൊരാരോപണം. എങ്കില്‍ ഇതെന്തുകൊണ്ട് ആന്‍ലിയ മരിക്കുന്നതിന് മുന്‍പ് അവര്‍ എന്നോട് ചോദിച്ചില്ല. എല്ലാ ആരോപണങ്ങളും ആന്‍ലിയ മരിച്ചതിനുശേഷമാണ് അവര്‍ ഉയര്‍ത്തുന്നത്.
നാട്ടിലെ അവസ്ഥ മോശമാണെന്നും അതുകൊണ്ട് ആന്‍ലിയയുടെ ശവസംസ്കാരത്തിന് വരേണ്ടെന്നും അവരുടെ പള്ളിയിലെ വൈദികന് അറിയിച്ചതുകൊണ്ടാണ് മരണാനന്തര ചടങ്ങില്‍ ഞാനും വീട്ടുകാരും പങ്കെടുക്കാതിരുന്നത്. ആന്‍ലിയയുടെ അപകടകരമായ ചിന്തകളും വിഷാദവുമെല്ലാം മാറാന്‍ വേണ്ടിയാണ് അവളെ ബംഗളൂരുവില്‍ എംഎസ്സി നഴ്സിംഗിന് അയച്ചത്. അല്ലാതെ അവളുടെ വീട്ടുകാര്‍ ആരോപിക്കുന്നതുപോലെ നിര്‍ബന്ധിച്ച് അയച്ചതല്ല.
മാതാപിതാക്കള്‍ വിദേശത്തായിരുന്നതിനാല്‍ അവരുടെ സ്നേഹവും വാത്സല്യവും ലഭിക്കാതെ വളര്‍ന്ന കുട്ടിയാണ് താനെന്നും ആ അവസ്ഥ നമ്മുടെ മോനുണ്ടാവരുതെന്നും ആന്‍ലിയ എപ്പോഴും പറഞ്ഞിരുന്നു. ആന്‍ലിയയ്ക്ക് ഇങ്ങനെയുള്ള സ്വഭാവം ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഡിവോഴ്സിന് ശ്രമിച്ചില്ല എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്. എനിക്ക് ആന്‍ലിയയെ അത്രയ്ക്ക് ഇഷ്ടമായിരുന്നെന്നും ഞങ്ങള്‍ക്ക് കുറേ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു എന്നതുമാണ് അതിന് ഉത്തരമായി എനിക്ക് പറയാനുള്ളത്. അതുകൊണ്ടാണ് ഡിവോഴ്സിന് ശ്രമിക്കാതെ അവളെ ചികിത്സിച്ച് ഭേദമാക്കാന്‍ ശ്രമിച്ചത്.
എന്തൊക്കെ സംഭവിച്ചാലും തന്റെ ഭാഗം ന്യായീകരിക്കാന്‍ മതിയായ തെളിവുകളുള്ളതിനാല്‍ പതറാതെ മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്ന് പറഞ്ഞാണ് ജസ്റ്റിന് വിശദീകരണം അവസാനിപ്പിക്കുന്നത്. സ്വപ്നങ്ങളൊന്നും നടന്നില്ലെങ്കിലും വീട്ടില്‍ കാത്തിരിക്കുന്ന കുഞ്ഞിനുവേണ്ടി എല്ലാം ധൈര്യത്തോടെ തന്നെ നേരിടുമെന്നും കുഞ്ഞുങ്ങളെ തനിച്ചാക്കി ജോലി തേടി വിദേശത്തും മറ്റും പോകുന്നവര്‍ക്ക് ആന്‍ലിയയുടെ മാനസികാവസ്ഥയും അവളുടെ ജീവിതവും പാഠമാകണമെന്നും ജസ്റ്റിന് ഓര്‍മിപ്പിക്കുന്നുണ്ട്.
ആന്‍ലിയയുടെ മരണത്തില്‍ ഒട്ടേറെ ആരോപണങ്ങളും ചര്‍ച്ചകളും സമൂഹമാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നതോടെയാണ് ജസ്റ്റിന്റെ വിശദീകരണം. കഴിഞ്ഞ ഓഗസ്റ്റ് 25 ന് തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കാണാതായ ആന്‍ലിയയുടെ മൃതദേഹം മൂന്ന് ദിവസങ്ങള്‍ക്കുശേഷം ആലുവയ്ക്കടുത്ത് പെരിയാറില്‍ കണ്ടെത്തുകയായിരുന്നു.
മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആന്‍ലിയയുടെ പിതാവ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
Discussion about this post