പ്രളയത്തില്‍ റോഡുകള്‍ തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായി; മാങ്കുളത്തെ വിനോദസഞ്ചാര മേഖല പ്രതിസന്ധിയില്‍

റോഡ് ഗതാഗതയോഗ്യമല്ലാതായതോടെ സഞ്ചാരികള്‍ മാങ്കുളത്തേക്കുള്ള യാത്ര ഒഴിവാക്കുകയാണ്

ഇടുക്കി: പ്രളയത്തില്‍ റോഡുകള്‍ തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായതോടെ ഇടുക്കി മാങ്കുളത്തെ വിനോദസഞ്ചാര മേഖല പ്രതിസന്ധിയില്‍. റോഡ് ഗതാഗതയോഗ്യമല്ലാതായതോടെ സഞ്ചാരികള്‍ മാങ്കുളത്തേക്കുള്ള യാത്ര ഒഴിവാക്കുകയാണ്. ഇതോടെ ടൂറിസം വരുമാനത്തെ ആശ്രയിച്ച് കഴിയുന്നവരുടെ ജീവിതം വഴിമുട്ടി.

മാങ്കുളത്തെ പ്രശസ്തമായ ആനക്കുളത്തിലെ ഉപ്പുരസമുള്ള വെള്ളം കുടിക്കാന്‍ ആനകള്‍ കൂട്ടമായി വനത്തില്‍ നിന്നെത്തും. കാട്ടാനക്കൂട്ടത്തെ കാണാന്‍ നൂറ് കണക്കിന് സഞ്ചാരികളാണ് മാങ്കുളത്ത് എത്താറുള്ളത്. എന്നാല്‍ പ്രളയത്തിന് ശേഷം യാതൊരു കച്ചവടവും ഇല്ലെന്ന് കടയുടമകള്‍ പറയുന്നു. കാര്‍ഷിക വിളകള്‍ നശിച്ചുപോയി.

മൂന്നാര്‍ എത്തുന്നതിന് മുമ്പ് കല്ലാറില്‍ നിന്നാണ് മാങ്കുളത്തേക്കുള്ള വഴി ആരംഭിക്കുന്നത്. 18 കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡ് പലയിടത്തും ഇന്നില്ല. വണ്ടികള്‍ ഓടിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മലയോര ഹൈവേയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ മാങ്കുളം റോഡിന്റെ അറ്റകുറ്റപണിയ്ക്ക് തുക വകയിരുത്താന്‍ കഴിയില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്.

Exit mobile version