ചിറ്റിലഞ്ചേരി: മരണശേഷവും വീട് കാവലിന് ഇനിയും രാഹുല്‍ ഉണ്ടാകും. അതിനായി തന്റെ വളര്‍ത്തുനായയായ രാഹുലിനിനെടുള്ള സ്‌നേഹത്തിന് നിത്യ സ്മാരകമായി കൃഷ്ണന്‍ വീട്ടുമുറ്റത്ത് കല്ലറ പണിതു. തങ്ങളെ വിട്ട് പോയ നായയോടുള്ള വാത്സ്യല്യത്തിന്റെ ഓര്‍മകള്‍ എന്നും ഒപ്പം നിര്‍ത്താന്‍ കൂടിയാണ് വീട്ട് മുറ്റത്ത് കല്ലറ പണിതതും കല്ലറയുടെ മുകളില്‍ ടൈല്‍സ് പതിപ്പിച്ച് അവന്റെ പേരും എഴുതിയുതും.
കൃഷ്ണന് വീട്ടിലെ അംഗത്തെ പോലെയായിരുന്നു ‘രാഹുല്‍’. 5 വര്‍ഷം നീണ്ട ആത്മബന്ധം. അടുത്തിരുന്നും ഒരുമിച്ച് ഭക്ഷണം കഴിച്ചും അവന്‍ ജീവിതത്തിന്റെ ഭാഗമായി മാറി.
കഴിഞ്ഞ ദിവസമാണ് മേലാര്‍കോട് വടക്കെത്തറ എറളംകോട് കൃഷ്ണന്റെ സന്തത സഹചാരിയായ രാഹുല്‍ എന്ന വളര്‍ത്തു നായ തങ്ങളെ വിട്ട് പോയത്. ഇത് വീട്ടുകാര്‍ക്ക് തീരാ വേദനയായി. ജഡം വീട്ടുമുറ്റത്തു തന്നെ കുഴിച്ചിട്ടു. കല്ലറയും പണിതു. സൗമ്യനായ നായ വീട്ടില്‍ വരുന്നവരോടൊക്കെ സ്‌നേഹം പ്രകടിപ്പിക്കുമായിരുന്നു എന്ന് കൃഷ്ണന്‍ പറഞ്ഞു.
കൃഷ്ണന്‍ പുറത്തുപോകുമ്പോഴൊക്കെ നായയും ഒപ്പമുണ്ടാവും. ഭക്ഷണം വീട്ടില്‍ നിന്നു മാത്രം. പുറമെ നിന്ന് ആര് എന്തു നല്‍കിയാലും തിരിഞ്ഞുനോക്കാതെ നടക്കും. രാത്രി കിടപ്പ് കൃഷ്ണനോടൊപ്പം വീട്ടിനുള്ളില്‍ തന്നെ. വളര്‍ത്തു മൃഗങ്ങളോടുള്ള സ്‌നേഹത്തിന്റെ പ്രതീകമായ കൃഷ്ണന്‍ നാട്ടുകാര്‍ക്കു കൗതുകമാവുകയാണ്.
രാഹുലിന് പെട്ടെന്ന് അസുഖം പിടിപെട്ടാണ് അഞ്ച് വര്‍ഷത്തെ ആത്മബന്ധത്തിനെടുവില്‍ വീട്ടുകാരോട് വിട പറഞ്ഞ് പോയത്.