തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങളുടെ അപകട സാധ്യത പതിവാകുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ വീണ്ടും വിമാനങ്ങളുടെ കൂട്ടിയിടി ഉണ്ടാകാന്‍ സാധ്യത ഉണ്ടായി. എന്നാല്‍ പൈലറ്റിന്റെ ഇടപെടല്‍ മൂലം അവസാന നിമിഷം വന്‍ ദുരന്തം ഒഴിവായി.
ഷാര്‍ജയില്‍ നിന്നും വന്ന എയര്‍അറേബ്യ വിമാനവും ദുബായിലേക്കുള്ള ഫ്ളൈ ദുബായ് വിമാനവും ആണ് അപകടത്തിലേക്ക് നീങ്ങിയത്. എയര്‍അറേബ്യ വിമാനം ലാന്‍ഡ് ചെയ്യുന്ന നേരം എയര്‍ ട്രാഫിക് കണ്ട്രോള് നിര്‍ദ്ദേശം ശ്രദ്ധിക്കാതെ ദുബായിലേക്കുള്ള ഫ്ളൈ ദുബായ് വിമാനം ടാക്സി വേയില്‍ നിന്നും റണ്‍വേയിലേക്ക് പ്രവേശിക്കുകയായിരുന്നു. അപകടം തിരിച്ചറിഞ്ഞ എടിസി നിമിഷങ്ങള്‍ക്കുള്ളില്‍ എയര്‍ അറേബ്യ വിമാനത്തിനോട് വട്ടമിട്ട് പറക്കാന്‍ നിര്‍ദ്ദേശം നല്‍കിയതോടെയാണ് വന്‍ ദുരന്തം ഒഴിവായത്.
പിന്നീട് ദുബായ് വിമാനം ടേക്ക് ഓഫ് ചെയ്ത ശേഷം എയര്‍ അറേബ്യ ലാന്‍ഡ് ചെയ്തു. ദുബായ് വിമാനത്തിന് ടാക്സി വേയില്‍ കാത്ത് നില്‍ക്കാനായിരുന്നു നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ പൈലറ്റ് വിമാനം റണ്‍വേയില്‍ നിര്‍ത്തുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടയുടന്‍ എയര്‍ അറേബ്യ പൈലറ്റിന് ലാന്‍ഡ് ചെയ്യാതെ കറങ്ങിവരാനുള്ള ‘ഗോ എറൗണ്ട്’ നിര്‍ദേശം നല്കി. ലാന്‍ഡിങിനു ശ്രമിക്കുകയായിരുന്ന പൈലറ്റ് ഉടന്‍ തന്നെ വിമാനത്തിന്റെ ഗതിതിരിച്ചുവിട്ടു.
പുലര്‍ച്ചെ 3 മുതല്‍ രാവിലെ 6 വരെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഏറ്റവും തിരക്കേറിയ സമയം. ഈ സമയത്ത് ടേക്ക് ഓഫിനും ലാന്‍ഡിംഗിനും വിമാനങ്ങള്‍ ഏറെ നേരം കാത്ത് നില്‍ക്കേണ്ടി വരും.
Discussion about this post