ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്കുള്ള ബസ് യാത്രക്കിടെ കളവ് പോയത് തന്റെ ജീവിതമാണ്.. തന്റെ വഴിമുട്ടിയ ഈ അവസ്ഥ കാണാതെ പോകരുതെന്ന് തോട്ടട ചിറക്കലെ വീട്ടില്‍ ജോഷി ഭാസ്‌കരന്‍ പറയുന്നു.
താനൊരു വികലാംഗന്‍ ആണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ജനന സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ വിലപ്പെട്ട രേഖകളടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടു.. ശരീരത്തിന്റെ ഒരു വശത്തിനു സ്വാധീനമില്ല.. ഇനി എത്രനാള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങണം നഷ്ടപ്പെട്ട രേഖകള്‍ക്ക് പകരം രേഖകള്‍ ലഭിക്കാന്‍ എന്നാണ് ഇദ്ദേഹത്തിന്റെ വിഷമം.
ജോഷി ഭാസ്‌കറിന്റെ വാക്കുകള്‍…
രണ്ടു വര്‍ഷമായി കണ്ണൂര്‍ താഴെച്ചൊവ്വയില്‍ വാഹന പുക പരിശോധനാ കേന്ദ്രം നടത്തുകയാണു ഞാന്‍. പുകപരിശോധനയ്ക്കുള്ള ഉപകരണത്തിന്റെ തകരാര്‍ പരിഹരിക്കാന്‍, കഴിഞ്ഞ 17നു വൈകിട്ടാണ് പിതാവ് ഭാസ്‌കരന്‍ നമ്പ്യാര്‍ക്കൊപ്പം ബംഗളൂരുവിനു പോയത്. വികലാംഗ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണു ട്രെയിന്‍ ടിക്കറ്റ് എടുത്തതെന്നതിനാല്‍ യാത്രാരേഖയായി ഈ സര്‍ട്ടിഫിക്കറ്റും ഒപ്പം കരുതേണ്ടതുണ്ട്.
ട്രെയിന്‍ പിടിക്കാനുള്ള ധൃതിയിലായതിനാല്‍, ഇതുള്‍പ്പെടെയുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും അടങ്ങിയ ഫയലാണു കയ്യിലെടുത്തത്. ഇതു ബാഗില്‍ സൂക്ഷിച്ചു. ജനന സര്‍ട്ടിഫിക്കറ്റ്, 10,12, ബിരുദ പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റ്, പുക പരിശോധനാകേന്ദ്രത്തിന്റെ ലൈസന്‍സ് എന്നിവ ഫയലിലുണ്ടായിരുന്നു. ബെംഗളൂരുവിലെത്തി ഉപകരണത്തിന്റെ തകരാര്‍ പരിഹരിച്ച് 18നു കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ രാജഹംസം (കെഎ- 57 എഫ് 1149) ബസിലായിരുന്നു മടക്കയാത്ര. രേഖകളും ഉപകരണങ്ങളുമടങ്ങിയ ബാഗ് സീറ്റിനു മുകളിലെ ബര്‍ത്തിലായിരുന്നു. മലയാളികളായ നാലു യുവാക്കളുടെ സംഘം മൈസൂരുവില്‍നിന്നു ബസില്‍ കയറി.
അടുത്ത സ്റ്റോപ്പ് ഇരിട്ടിയിലായിരുന്നു. ബസ് ഇരിട്ടിയിലെത്തിയപ്പോള്‍ പുലര്‍ച്ചെ 3.30. ഇരിട്ടിയില്‍ ഇറങ്ങേണ്ട യുവാക്കളുടെ ബാഗുകളും ബര്‍ത്തിലായിരുന്നു. ഞങ്ങള്‍ ഇരുന്ന സീറ്റിനു മുകളിലൂടെ ബാഗുകള്‍ എടുക്കുന്നതിനിടെ പിതാവുമായി യുവാക്കളില്‍ ഒരാള്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ മറ്റു മൂന്നു പേര്‍ ബാഗുകളുമെടുത്ത് ഇറങ്ങി. പിന്നാലെ നാലാമനും. ബസ് ഉളിയിലെത്തിയപ്പോഴാണു ബാഗ് കാണാനില്ലെന്നു തിരിച്ചറിഞ്ഞത്. തര്‍ക്കമുണ്ടാക്കി ഇറങ്ങിപ്പോയ യുവാക്കള്‍ തിരക്കിനിടെ ബാഗ് മാറിയെടുത്തതാകാം എന്നാണു കണ്ടക്ടര്‍ ആശ്വസിപ്പിച്ചത്.
മാറിയെടുത്തതാകണമെങ്കില്‍ അവരുടെ ഒരു ബാഗ് ബര്‍ത്തില്‍ കാണണമല്ലോ. അതില്ല. ബാഗ് സംഘം മോഷ്ടിച്ചതു തന്നെ. റിസര്‍വ് ചെയ്യാത്ത ടിക്കറ്റിലായിരുന്നു യുവാക്കളുടെ യാത്ര. അന്നു തന്നെ ഇരിട്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും ബാഗ് കണ്ടുകിട്ടിയിട്ടില്ല. ബംഗളൂരുവിലെ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ എട്ടുവര്‍ഷം മുമ്പാണു എനിക്കു പക്ഷാഘാതം സംഭവിച്ചത്.
എഴുന്നേറ്റു നടക്കാറായെങ്കിലും വലതുവശത്തിന്റെ സ്വാധീനം നഷ്ടപ്പെട്ടു. ബാഗ് മോഷ്ടിച്ചവരെ കേസില്‍ കുടുക്കാനൊന്നും താല്‍പര്യമില്ല. സ്വാധീനമില്ലാത്ത ഈ ശരീരവും വച്ചു സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി കഷ്ടപ്പെടാന്‍ വയ്യ. ഒരു വികലാംഗന്‍ എന്ന പരിഗണനകൊണ്ടെങ്കിലും, മോഷ്ടിച്ച ഫയല്‍ തിരിച്ചുതരണമെന്നാണ് അപേക്ഷ.
മനുഷത്വമില്ലാതെ പെരുമാറുന്നവര്‍ക്ക് ഇതൊരു അപേക്ഷയാണ് സ്വാധീനമില്ലാത്ത ശരീരമുമായി ഇനി എത്രനാള്‍ അദ്ദേഹം രേഖകള്‍ക്ക് വേണ്ടി അലയണം… ബാഗ് തിരികെ നല്‍കണമെന്ന അപേക്ഷക്കൊപ്പം ഫോണ്‍ നമ്പരും അദ്ദേഹം വെച്ചിട്ടുണ്ട്..
ഫോണ്‍: 9447163845