തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചു. നവകേരളനിര്‍മാണത്തിലൂന്നി ഗവര്‍ണര്‍ പി സദാശിവത്തിന്റെ നയപ്രഖ്യാപനപ്രസംഗം തുടരുകയാണ്. പ്രസംഗത്തിന് തൊട്ടുമുമ്പ് ‘പ്രളയബാധിതരോട് നീതി കാണിക്കുക’ എന്ന ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു.
എന്നാല്‍ പ്രതിപക്ഷത്തോട് ‘എന്റെ പ്രസംഗം ശ്രദ്ധിക്കൂ’ എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞതോടെ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്ന് ചെറിയ ബഹളവും പ്രതിഷേധവുമുണ്ടായി.
വികസനം നേടിയെന്ന അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് സഹായം നിഷേധിക്കുകയാണെന്ന കുറ്റപ്പെടുത്തലും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ നടത്തി.
‘പ്രിയപ്പെട്ട സാമാജികരേ എല്ലാവര്ക്കും എന്റെ നമസ്കാരം’ എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. വര്‍ഗീയതയുടെ പേരില്‍ കേരളത്തില്‍ പ്രതിസന്ധികളുണ്ടായപ്പോഴും ഭരണഘടനയിലെ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സര്‍ക്കാര്‍ ഭരണം തുടരുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ലിംഗനീതിയിലുറച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
Discussion about this post