തിരുവനന്തപുരം: പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പുനഃസൃഷ്ടിയോടൊപ്പം അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാമുഖം നല്കുന്ന ബജറ്റ് അവതരിപ്പിക്കാനായി കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെ സഭാ നടപടികള്‍ക്ക് തുടക്കം കുറിക്കും.
2019-20 വര്‍ഷത്തെ ജനപ്രിയ ബജറ്റ് ജനുവരി 31 ന് ധനമന്ത്രി ഡോ ടിഎം തോമസ് ഐസക്ക് അവതരിപ്പിക്കുമെന്നു നിയമസഭാസ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് അറിയിച്ചു. നിശ്ചയിച്ചിട്ടുള്ള നടപടികള്‍ പൂര്‍ത്തിയാക്കി 2018-19 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്ന ചര്‍ച്ചയും വോട്ടെടുപ്പോടും കൂടി ഫെബ്രുവരി ഏഴിന് സഭാസമ്മേളനം സമാപിക്കും.
ആകെ ഒന്‍പത് ദിവസമാണ് സഭ ചേരുക. ജനുവരി 28,29,30 തീയതികളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദിരേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടക്കും. 4,5,6 തീയതികളില്‍ ബജറ്റിനെക്കുറിച്ചുള്ള പൊതുചര്‍ച്ച നടക്കും. ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുമായി ബന്ധപ്പെട്ട രണ്ടാമത് പരിപാടിയായ നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഫെബ്രുവരി 23,24,25 തീയ്യതികളില്‍ തിരുവനന്തപുരത്ത് ചേരുമെന്ന് സ്പീക്കര്‍ അറിയിച്ചു.
Discussion about this post